Skip to main content
മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ ഭാഗമായിട്ടുള്ള കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി

മലങ്കര: കുടിവെള്ള വിതരണത്തിന് തടസ്സമാകാത്ത ടൂറിസം വികസനമാകാമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

 

 

മലങ്കര ഡാം കുടിവെള്ള വിതരണത്തിനും കൃഷിയ്ക്കും വേണ്ടിയാണ് നിർമ്മിച്ചിട്ടുള്ളത്. കുടിവെള്ള വിതരണത്തിന് തടസ്സമല്ലാത്ത ടൂറിസം വികസനത്തിന് അനുമതി നൽകാമെന്ന്  ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

മുവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ജലസംഭരണിയായ മലങ്കര അണക്കെട്ടിലെ ടൂറിസം പദ്ധതിയായ മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ  ഉദ്ഘാടനം ഡാം പരിസരത്ത് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലങ്കര ജലശേഖരവും മേഖലയിലെ പരിസ്ഥിതിയും ജൈവവൈവധ്യവും സംരക്ഷിച്ചുകൊണ്ടും നിലനിർത്തികൊണ്ടുമാണ്  ടൂറിസ്റ്റ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാതയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15 ലക്ഷം മുതൽമുടക്കി കുട്ടികളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. മലങ്കര ഡാം റിസർവോയർ ഭാഗത്തെ കുട്ടികളുടെ പാർക്കിന് സമീപം പി ജെ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻട്രൻസ്  പ്ലാസയുടെ  ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും കുട്ടികളുടെ പാർക്കിന്റെ  ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയും നിർവഹിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. 

 

മലങ്കര ടൂറിസ്റ്റ് ഹബ് ഇവിടുത്തെ ജനങ്ങളുടേതാണെന്നതോന്നൽ ഉണ്ടാക്കുന്ന  പ്രവർത്തനങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ്. പ്രാദേശിക ഉല്പന്നങ്ങൾ വിനോദ കേന്ദ്രങ്ങൾ വഴി വിൽക്കുന്നതിനും  ഉൽപാദകർക്ക് നല്ല വില കിട്ടുന്നതിനും സാഹചര്യമൊരുക്കണം.മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ധാരാളം പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസായ മലങ്കര അണക്കെട്ടിലെ വെള്ളത്തിനു ദോഷം ചെയ്യുന്ന രീതിയിൽ ആയിരിക്കരുത് വികസനം എന്നും അദ്ദേഹം പറഞ്ഞു. മലങ്കര അണക്കെട്ടിൽ 7 കിലോമീറ്റർ ബോട്ടിംഗ് നടത്തുന്നതിനും മറ്റു വിവിധ സാധ്യതകൾ ഉള്ള മലങ്കരയിൽ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിക്കേണ്ടതുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. 

 

പരിപാടിക്ക് മുന്നോടിയായി എൻട്രൻസ് പ്ലാസയിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ  മാർഗംകളിയും അരങ്ങേറി. മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ നിർമ്മാണത്തിന് പ്രധാന  പങ്കുവഹിച്ച ഹാബിറ്റാറ്റ്  തൊടുപുഴ സെക്രട്ടറി പി വിനോദിന് മൊമെന്റോ നൽകി യോഗത്തിൽ ആദരിച്ചു. 

 

ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ റ്റി ജി സെൻ, തൊടുപുഴ ബ്ലോക്ക് പ്രസിഡണ്ട് സിനോജ് ജോസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുട്ടിയമ്മ മൈക്കിൾ, 

മൂവാറ്റുപുഴ പ്രൊജക്റ്റ് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ജയ പി നായർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ഇടുക്കി ടൂറിസം വകുപ്പ് ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെൻസി സുനീഷ്,  വിവിധ വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 

 

മലങ്കര അണക്കെട്ടിൽ ബോട്ട‌് സവാരി, പൂന്തോട്ടം, പക്ഷിസങ്കേതം, അണക്കെട്ടിന‌് നടുവിൽ  കൃത്രിമവനം സജ്ജമാക്കൽ, അണക്കെട്ടിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച‌് റോപ‌് വേ, തീരങ്ങളിലൂടെ സൈക്കിൾ സവാരി, ഫുഡ‌്പാർക്ക‌്, ടൂറിസ‌്റ്റ‌് ഇൻഫർമേഷൻ കേന്ദ്രം എന്നിവയൊക്കെയാണ‌് പദ്ധതിയിൽ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ‌്തിട്ടുള്ളത‌്.

 

date