Skip to main content

ജില്ലയിലെ മികച്ച സപ്ലൈ ആഫീസായി  അടൂര്‍ താലൂക്ക് സപ്ലൈ ആഫീസ് തിരഞ്ഞെടുത്തു

2018-2019 വര്‍ഷത്തെ മികച്ച സപ്ലൈ ആഫീസായി അടൂര്‍ താലൂക്ക് സപ്ലൈ ആഫീസ് തിരഞ്ഞെടുത്തു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എറണാകുളം അബദ് പ്ലാസ്സയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി തിലോത്തമനില്‍ നിന്നും അടൂര്‍ താലൂക്ക് സപ്ലൈ ആഫീസര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 2018-2019 കാലയളവിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിനാണ് അംഗീകാരം. റേഷന്‍ കാര്‍ഡ് സംബന്ധമായി ലഭിച്ച 38000 അപേക്ഷകളിന്‍മേല്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിച്ച്, അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിരുന്ന 5834 കുടുംബങ്ങളെ കണ്ടെത്തി, അനധികൃതമായി റേഷന്‍ വിഹിതം കൈപ്പറ്റിയവരില്‍ നിന്നും 108076 രൂപ പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. അര്‍ഹരായ 3673 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടി സ്വീകരിക്കുക, അതാത് ദിവസം ലഭിക്കുന്ന അപേക്ഷകളില്‍ അന്നു തന്നെ തീര്‍പ്പുകല്‍പ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാര നിര്‍ണയത്തിലെ ഘടകങ്ങള്‍ ആയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച താലൂക്ക് സപ്ലൈ ഓഫീസായും അടൂര്‍ താലൂക്ക് സപ്ലൈ ആഫീസ് നേരത്തെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് പുരസ്‌കാര ലബ്ധിയെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ എം അനില്‍ അിറയിച്ചു. പൊതുവിതരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനത്തെ മികച്ച ജില്ലയായി പത്തനംതിട്ട ജില്ലയും തിരഞ്ഞെടുത്തു. 

date