Skip to main content

തീരദേശ ശുചീകരണ യജ്ഞം 2019 ; ബോധവത്കരണ പരിപാടികള്‍ 11 മുതല്‍ 

 

കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (സി.ഡബ്ല്യൂ.ആര്‍.ഡി.എം) സംയുക്തമായി നവംബര്‍ 11 മുതല്‍ 18 വരെയുളള തീയതികളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബീച്ച്  ശുചീകരണവും വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ദേശീയ ഹരിത സേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, കോഴിക്കോട് കോര്‍പ്പറേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ്, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഏഴു ദിവസം നീളുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുളളത്. തീരദേശ പരിസ്ഥിതിയുടെയും സമുദ്രത്തിന്റെയും ശുചിത്വം മുന്‍നിര്‍ത്തി അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ്  സംരംഭത്തിന്റെ ഉദ്ദേശം. പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചുളള വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രശ്‌നോത്തരി മത്സരം, ചിത്രരചന മത്സരം, അജൈവ മാലിന്യങ്ങള്‍ പുനരുപയോഗപ്രദമാക്കുന്നതിനുളള പ്രവൃത്തിപരിചയ ക്ലാസുകള്‍, പരിസ്ഥിതി വിഷയങ്ങളെ ആസ്പദമാക്കി പൊതു ജനങ്ങള്‍ക്കായുളള ഫോട്ടോഗ്രാഫി, ലഘു ചലച്ചിത്ര മത്സരം, മുദ്രാവാക്യ രചനാമത്സരം തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ശൂചീകരണത്തിനായി തെരെഞ്ഞെടുത്ത കടല്‍ത്തീരങ്ങള്‍ - കോഴിക്കോട് (തെക്ക്), ലയണ്‍സ് പാര്‍ക്കിന് പിറകു വശം, പയ്യാനക്കല്‍, ബേപ്പൂര്‍, മാറാട് എന്നിവയും, കണ്ണൂരില്‍ മുഴപ്പിലങ്ങാട് ബീച്ചുമാണ്. 

തീരദേശ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തീരദേശ പരിസ്ഥിതി പരിപാലനം എന്ന വിഷയത്തില്‍ ലഘുചലചിത്ര മത്സരം,  ഫോട്ടോഗ്രാഫി മത്സരം, ജലഛായ ചിത്രരചന മത്സരം, പ്രശ്‌നോത്തരി, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിക്കും. ലഘുചലചിത്ര മത്സരത്തില്‍ MP4 HD ക്വാളിറ്റിയില്‍ മൂന്ന് മിനിട്ടില്‍ കൂടാത്ത എന്‍ട്രികള്‍ നവംബര്‍ 14 ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. ഫോട്ടോഗ്രാഫി മത്സരത്തില്‍ ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. 12 ×18 ഇഞ്ച് വലിപ്പത്തിലുളള ഫോട്ടോ പ്രിന്റുകള്‍ പൂര്‍ണ മേല്‍വിലാസം സഹിതം cleandriveclt2019@gmail.com എന്ന വിലാസത്തില്‍ അയക്കണം. 

 എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജലഛായ ചിത്രരചന മത്സരം 16 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോഴിക്കോട് ഗവ മോഡല്‍ എച്ച്.എസ്.എസിലും 
 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നോത്തരി 13 ന് രാവിലെ 10 ന് റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയത്തിലും യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിന് മുദ്രാവാക്യരചന മത്സരം 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ബീച്ചിലും സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് www.cwrdm.org  

 

 

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020;
പരാതി സമര്‍പ്പിക്കാം 

 

 

കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെ കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനായി റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്‌വെയര്‍ പതിപ്പും ഹാര്‍ഡ് വെയര്‍ പതിപ്പും ഉള്‍പ്പെടെ) എന്ന നവീന പദ്ധതി, കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള  സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ശാശ്വതവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. വിവിധ മേഖലകളിലും സമൂഹത്തിലും പൊതുജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി സമാഹരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതിനായി പൊതുജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. സാങ്കേതികതയുടെ സഹായത്തോടെ പരിഹാരം കാണാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളായിരിക്കണം ഇത്തരത്തില്‍ അവതരിപ്പിക്കേണ്ടത്. 
പദ്ധതിയുടെ ആദ്യഘത്തില്‍ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, വ്യവസായങ്ങള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍, കൂടാതെ പൊതു സമൂഹത്തിനും  പ്രശ്‌ന, നിര്‍ദ്ദേശങ്ങള്‍ പരിഗണയ്ക്കായി നല്‍കാം. വിവിധ വകുപ്പുകള്‍ക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 ഹാക്കത്തോണ്‍ ആയിരിക്കും സംഘടിപ്പിക്കുക. rebootkerala@asapkerala.gov.in ല്‍ പ്രശ്‌നങ്ങള്‍ നവംബര്‍ 10 നകം അയക്കാം. ഫോണ്‍ - 9387431669.

 

 

അംഗത്വം പുന:സ്ഥാപിക്കാം

 

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുളള തൊഴിലാളികള്‍ക്ക് നവംബര്‍ 11 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി രാവിലെ 10 മുതല്‍ നാല് വരെ നടക്കുന്ന മേളകളില്‍ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. സ്ഥലം, തീയതി എന്നീ ക്രമത്തില്‍ - കുറ്റ്യാടി ഉപകാര്യാലയം - നവംബര്‍ 11,13,15,18 തീയതികളിലും, പേരാമ്പ്ര ഉപകാര്യാലയം - നവംബര്‍ 19,21,23,25 തീയതികളിലും, വടകര ഉപകാര്യാലയം - നവംബര്‍ 27, 29, ഡിസംബര്‍ 5,7 തീയതികളിലും, കൊയിലാണ്ടി ഉപകാര്യാലയം - ഡിസംബര്‍ ഒന്‍പത്, 11,13,16  തീയതികളിലും, രാമനാട്ടുകര ഉപകാര്യാലയം - ഡിസംബര്‍ 18,20  തീയതികളിലും, താമരശ്ശേരി ഉപകാര്യാലയം - ഡിസംബര്‍ 23,26,28,31  തീയതികളിലും മേള നടത്തും.

date