ഭരണഭാഷാ വാരാഘോഷം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രശ്നോത്തരി മത്സരം
കാണാതായ പശുവിനെ അന്വേഷിച്ചു നടന്നതില്‍ നിന്നും മലയാളത്തിലുണ്ടായ വാക്കേതാണ്് ? പശു വിശ്രമിക്കുന്ന സ്ഥലം തേടിനടന്നതില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് മറ്റൊരു വാദം എന്തായാലും ഇത് ഒരു അന്വേഷണമാണ് ഉത്തരം നിങ്ങള്‍ക്കറിയാമോ? കൂടോത്രം എന്ന വാക്ക് ഏത് പദത്തില്‍ നിന്നാണ് വന്നതെന്ന് അറിയുമോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിലെ പ്രാഥമിക ഘട്ടത്തിലെ ചോദ്യങ്ങളില്‍ ചിലതാണ് ഇവ. ഗവേഷണം, ഗൂഢതന്ത്രം, എന്നീ ഉത്തരങ്ങള്‍ കണ്ടെത്താന്‍ തലപുകച്ചുവെങ്കിലും ഈ ചോദ്യങ്ങള്‍ സദസ്സില്‍ ചിരിയുണര്‍ത്തി. ഇന്‍ക്രിമെന്റ് എന്ന വാക്ക്് എത്രയോ ഉപയോഗിച്ചിട്ടും അതിന്റെ കൃത്യമായ മലയാളവാക്ക് ക്വിസ്മാസ്റ്റര്‍ ചോദിച്ചപ്പോള്‍ ഉത്തരം കണ്ടെത്തിയവര്‍ വിരലിലെണ്ണാവുന്നവരായിരുന്നു.
ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച പ്രശ്നോത്തരിയിലാണ് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമുയര്ന്നത്. ചിരിച്ചും ചിന്തിപ്പിച്ചും തീര്‍ത്തും അറിവിന്റെ ആഘോഷമായി ഉദ്യോഗസ്ഥര്‍ മത്സരത്തെ കൊണ്ടാടി. വാശിയോടെ മത്സരിക്കുകയായിരുന്നു ഓരോ ഉദ്യോഗസ്ഥരും. നേരിട്ട് ചോദ്യങ്ങള്‍ നല്കുന്ന ശൈലിയില്‍നിന്ന് വ്യത്യസ്തമായി മനസ്സില്‍ ചോദ്യവും ഉത്തരവും എന്നും നിലനിര്‍ത്തുന്ന ശൈലിയാണ് ക്വിസ്മാസ്റ്റര്‍ സാജിദ് ടി.വി സ്വീകരിച്ചത്. മലയാള ഭാഷയുടെ ഉള്ളറകളിലേക്ക് മത്സരാത്ഥികളെ കൈ പിടിച്ചുകൊണ്ട് പോകാന്‍ മത്സരത്തിന് കഴിഞ്ഞു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന 54 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ജര്‍മനിയിലെ മികവിന്റെ കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ട്യൂബിങ്ങ്ടണ്‍ സര്‍വ്വകലാശാല, 11 നോബല്‍ ജേതാക്കളെ സൃഷ്ടിച്ച ഈ സ്ഥാപനത്തിന് മലയാളവുമായി എന്താണ് ബന്ധം? എനിക്ക് ഇംഗ്ളീഷ് അറിയില്ല മന്ത്രിസഭ തീരുമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാം മലയാളത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആരാണ്, തുടങ്ങിയ ചോദ്യങ്ങളും മത്സരാര്‍ഥികളെ ആലോചനയിലാഴ്ത്തി.
പ്രാഥമിക റൗണ്ടിനുശേഷം 6 ടീമുകളെയാണ് അവസാനഘട്ട മത്സരത്തിലേക്ക് പരിഗണിച്ചത്. മത്സരത്തില്‍ മെഡിക്കല്‍ കോളേജ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിലെ അതുല്‍ എസ്.എസ്, ശ്രീജിത്ത് വി.കെ ഒന്നാം സ്ഥാനവും, വിദ്യാഭ്യാസ വകുപ്പിലെ വിവേക് പയ്യോളി, ആര് രസ്ന രണ്ടാം സ്ഥാനവും, വടകര ജി.എസ്.ടി ഓഫീസിലെ പി.കെ ശോഭ, ബിന്ദു മോള് പി.എസ് മൂന്നാം സ്ഥാനവും നേടി. അറിവിന്റെ പുതിയ പാഠങ്ങളുമായാണ് ഉദ്യോഗസ്ഥരെല്ലാം മടങ്ങിയത്.
പ്രശ്നോത്തരി മത്സരത്തിലെ വിജയികള്‍ക്കും സമ്മാനദാനവും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അസിസ്റ്റന്റ് കലക്ടര്‍ ഡി.ആര് മേഘശ്രീ, എ.ഡി.എം റോഷ്നി നാരായണന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഉപന്യാസ രചന മത്സരത്തില്‍ എരഞ്ഞിപ്പാലം ഇ.എസ്.ഐ ഡിസ്പന്‍സറിയിലെ എ.എന്‍.എം കെ വനജകുമാരി ഒന്നാം സ്ഥാനവും, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് അബു ഉനൈസ് രണ്ടാം സ്ഥാനവും, റവന്യൂ വിഭാഗം ക്ലാര്‍ക്ക് ടി.എം സജീന്ദ്രന് മൂന്നാം സ്ഥാനവും നേടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല ചടങ്ങില്‍ നന്ദി പറഞ്ഞു.
- Log in to post comments