ഉദ്ഘാടനം നവംബർ 10 ന് ഭിന്നശേഷിക്കാർക്കായി ആദ്യത്തെ ഇപിഡിഎം സെൻസറി പാർക്കൊരുങ്ങുന്നു
ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി കേരളത്തിലെ ആദ്യത്തെ ഇപിഡിഎം സെൻസറി പാർക്കൊരുങ്ങുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിലേഷൻ സെന്ററിലാണ് സെൻസറി പാർക്ക്. സ്പർശനം, മണം, കാഴ്ച, കേൾവി തുടങ്ങിയ ഇന്ദ്രിയ അനുഭവങ്ങളെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും ഭിന്നശേഷിക്കാർക്ക് ഉപകാരപ്രദമാകും വിധമുള്ള സെൻസറി ഗാർഡന്റെ രണ്ടാം ഘട്ടമായിട്ടാണ് ഇപിഡിഎം ഫ്‌ളോർ സംവിധാനവുമായി സെൻസറിക് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. 4880 സ്‌ക്വയർ ഫീറ്റിൽ സാമൂഹിക നീതി വകുപ്പിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ ചിലവഴിച്ചാണ് പാർക്കിന്റെ നിർമ്മാണം. തൃശൂർ കോസ്റ്റ് ഫോർഡാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. താഴെ വീണാലും കുട്ടികൾക്ക് പരുക്ക് പറ്റാതിരിക്കാൻ പൂർണ്ണമായും ഇപിഡിഎം സിന്തറ്റിക് റബ്ബർ ഫ്‌ളോറിങ്ങാണ് ചെയ്തിരിക്കുന്നത്. താഴെ വീണാൽ പരുക്ക് പറ്റും എന്ന പേടിയില്ലാതെ കുട്ടികൾക്ക് കളിക്കാം. കളികളിലൂടെ ഐന്ദ്രിയ പോരായ്മകളെ മറികടക്കാൻ ഓരോ കുട്ടിക്കും കഴിയുന്നു എന്നതാണ് ഇ പി ഡി എം സെൻസറി പാർക്കിന്റെ പ്രത്യേകത. കളികളോടൊപ്പം കുട്ടികളുടെ ഏഴ് ഐന്ദ്രിയ കഴിവുകളെക്കൂടി ഉണർത്തുന്ന രീതിയിൽ പാർക്കിലെ റൈഡുകൾ ക്രമീകരിച്ചിരിക്കുന്നു. റോക്കിങ് ബോട്ട്, റൈൻ വീൽ, സീ സോ, എ ടു ബി ക്ലൈമ്പർ, പ്ലേ ഗ്രൗണ്ട് ക്ലൈമ്പർ തുടങ്ങിയ ആക്ടിവിറ്റി റൈഡുകളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ഓരോ തെറാപ്പി ചികിത്സക്കും അനുയോജ്യമായ രീതിയിൽ പാർക്കിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. വീൽ ചെയറിലിരുന്നും കുട്ടികൾക്ക് റൈഡുകൾ പരിചയപ്പെടാവുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ കൊണ്ട് വരും. അക്ഷരങ്ങളും അക്കങ്ങളും ശാസ്ത്രീയപരീക്ഷണങ്ങളും മറ്റും ഉൾപ്പെടുത്തും.
ഭിന്നശേഷി പരിചരണ രംഗത്തു പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്ന എൻഐപിഎംആർ സെൻസറി പാർക്കിന്റെ ഉദ്ഘാടനം പത്തിന് വൈകുന്നേരം മൂന്ന് മണിക്ക് ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും. കെ യു അരുണൻ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടിന് രക്ഷിതാക്കൾക്കായി കുട്ടികളിലെ ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഒക്യുപെഷണൽ തെറാപ്പിസ്റ്റ് അച്ചു രാജു എബ്രഹാം ബോധവൽക്കരണ ക്ലാസ്സെടുക്കും. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ .ബി മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറയും.
- Log in to post comments