Skip to main content

മതിലകം കേരഗ്രാമത്തിൽ അംഗങ്ങളായവർക്ക് തുടരവസരം

നാളികേര ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മതിലകം ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച കേരഗ്രാമം പദ്ധതിയിൽ അംഗങ്ങളായവർക്ക് തുടർ പദ്ധതികളിൽ ഭാഗമാകാൻ അവസരം നൽകുന്നു. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾക്കായി നവംബർ 11 ന് മുമ്പ് അംഗങ്ങൾ അപേക്ഷ സമർപ്പിക്കണം. മോട്ടോർ പമ്പ് സെറ്റ്, മണ്ണ് മാന്തിയന്ത്രം, മണ്ണിര/ചകിരി/ഓർഗാനിക് കമ്പോസ്റ്റ് എന്നിങ്ങനെ സബ്സിഡി നിരക്കിൽ നൽകുന്ന മൂന്ന് പദ്ധതികൾക്കാണ് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 10000 രൂപ വരെ സബ്സിഡിയോടെ നൽകുന്ന മോട്ടോർ പമ്പ് സെറ്റ് പദ്ധതിയ്ക്കായി അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 30 സെന്റ് സ്ഥലം വേണം. അംഗീകൃത ഡീലറിൽ തന്നെ വാങ്ങണം. 1.5 എച്ച്.പി. ഉള്ള പമ്പ് സെറ്റ് തന്നെ വാങ്ങുകയും വേണം. 650 രൂപ ഗുണഭോക്തൃവിതം അടയ്ക്കണം എന്ന നിബന്ധന മാത്രമാണ് തെങ്ങ് കയറ്റ യന്ത്രം പദ്ധതിയ്ക്ക്. മണ്ണിര കമ്പോസ്റ്റ് / ചകിരിചോറ് കമ്പോസ്റ്റ് / ഓർഗാനിക് കമ്പോസ്റ്റിനായി അപേക്ഷിക്കുന്നവർക്ക് പരമാവധി സബ്‌സിഡി 10000 രൂപയാണ് ആനുകൂല്യം ലഭിക്കുക. 7.2.മീറ്റർ നീളം, 1.2 മീറ്റർ വീതി, 60 സെന്റീമീറ്റർ താഴ്ചയുള്ള കമ്പോസ്റ്റ് പിറ്റ് നിർമ്മാണം എന്ന നിബന്ധനയാണിതിൽ ഉളളത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്തിലെ 43,750 തെങ്ങുകളുടെ ശാസ്ത്രീയമായ പരിചരണമാണ് കേരഗ്രാമം പദ്ധതിയിലൂടെ സാദ്ധ്യമാവുന്നത്. 250 ഹെക്ടറിലേക്കായി തയ്യാറാക്കിയ പദ്ധതിയിൽ ഒരു ഹെക്ടറിൽ 175 തെങ്ങുകളാണ് ഉള്ളത്. തെങ്ങ് കൃഷിക്ക് സമഗ്രപരിചരണത്തിനായി തടം തുറക്കൽ, ഉത്പാദനോപാധികൾ നൽകൽ, പമ്പ്സെറ്റ്, മണ്ണിര കമ്പോസ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ ഇനങ്ങൾക്കായി സബ്സിഡി നൽകുന്ന ബൃഹദ് പദ്ധതിയാണിത്.

date