ജലോത്സവത്തിനൊരുങ്ങി പഴയങ്ങാടി പുഴ അഞ്ചാമത് മാടായി ജലോത്സവം 10ന്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ പഴയങ്ങാടി പുഴയില്‍ നടത്തുന്ന അഞ്ചാമത് ജലോത്സവം നവംബര്‍ 10ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വനിതകള്‍ ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ജലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് ട്രോഫി സ്പോണ്സര് ചെയ്തിരിക്കുന്നത്. തുടര്സ്ഥാനക്കാര്ക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ ട്രോഫികള്‍ നല്‍കും.
സംസ്്കൃതി മാടായിയുട നേതൃത്വത്തില്‍ നടക്കുന്ന ജല മാമാങ്കത്തില്‍ കൃഷ്ണപിള്ള കാവുംചിറ, വയല്‍ക്കര മയിച്ച, ഏ കെ ജി മയിച്ച, വയല്‍ക്കര വെങ്ങാട്, വിഷ്ണു മൂര്‍ത്തി ബോട്ട് ക്ലബ് കുറ്റിവയല്‍, പാലിച്ചോന്‍ ബോട്ട് ക്ലബ് അച്ചാന് തുരുത്ത്, ഇ എം എസ് മുഴക്കീല്‍, എ കെ ജി പൊടോ തുരുത്തി, എന്‍ ജി എസ് കാര്യംകോട്, ന്യൂ ബ്രദേഴ്സ് മയിച്ച തുടങ്ങി ഉത്തരമലബാറിലെ പ്രമുഖ ടീമുകള്‍ അണിനിരക്കും. 15 ആള് തുഴയും വിഭാഗത്തില്‍ 13 പുരുഷ ടീമുകളും ആറ് വനിതാ ടീമുകളും 25 ആള് തുഴയും വിഭാഗത്തില്‍ 12 ടീമുകളും മത്സരിക്കും.
സംഘാടക സമിതി ചെയര്‍മാനായ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ജലോത്സവം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കേരള ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രശസ്ത മാപ്പിള പാട്ട് ഗായകന് അസീസ് തായിനേരിയും സംഘവും അവതരിപ്പിക്കുന്ന മാപ്പിള ഗാനമേളയും അരങ്ങേറും. ജലോത്സവത്തിന്റെ വരവറിയിച്ച് ഇന്ന് (നവംബര്‍ എട്ട്) വൈകുന്നേരം നാല് മണിക്ക് എരിപുരത്ത് നിന്നും പഴയങ്ങാടി ബസ്സ്റ്റാന്റ് വരെ വിളംബര ഘോഷയാത്ര നടക്കും.
- Log in to post comments