Skip to main content

നബിദിനാഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍

പള്ളികളുടെ നഗരമായ പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന നബിദിനാഘോഷങ്ങളില്‍ ഹരിത നിയമാവലി  പൊന്നാനി നഗരസഭ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പള്ളി, മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗം നഗരസഭയില്‍ വിളിച്ചു ചേര്‍ത്തു. നബിദിനാഘോഷ പരിപാടികളിലും റാലികളിലും പൂര്‍ണ്ണമായും ഹരിത പെരുമാറ്റചട്ടം പാലിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നഗരസഭ നിര്‍ദേശിച്ചു. 
പള്ളികളില്‍ നിന്നും ഭക്ഷണത്തിന് വരുന്നവര്‍ സ്റ്റീല്‍ പാത്രങ്ങളുമായി എത്താനുള്ള നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണിസഞ്ചികള്‍ കൈവശം വയ്ക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തുണി ബാനര്‍ മാത്രം ഉപയോഗിക്കാനും തോരണങ്ങള്‍, അലങ്കാരങ്ങള്‍ പ്രകൃതി സൗഹൃദമാക്കാനുള്ള  നിര്‍ദ്ദേശവും നല്‍കി. മാലിന്യ ശേഖരണത്തിന് ബിന്നുകള്‍ സ്ഥാപിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് വയ്ക്കുന്നതിനും നിര്‍ദേശം നല്‍കി.
ഹരിത സൗഹൃദ നബിദിന റാലി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശം വെള്ളിയാഴ്ച ജുമാനമസ്‌കാരത്തിനുശേഷം പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഹരിത പെരുമാറ്റചട്ടം പാലിക്കുമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ യോഗത്തെ അറിയിച്ചു. 
പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷറഫ് പറമ്പില്‍, നഗരസഭ സെക്രട്ടറി ആര്‍.പ്രദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് കാസിം കോയ എന്നിവര്‍ സംസാരിച്ചു.

date