Skip to main content

മലിനീകരണം: കനോലി കനാല്‍ ശുചീകരണ പ്രവൃത്തി തുടങ്ങി

    പതിറ്റാണ്ടുകളായി മാലിന്യത്തില്‍ മുങ്ങി കിടന്ന  കനോലി കനാല്‍ ശുചീകരിക്കാന്‍ പ്രവൃത്തി തുടങ്ങി. പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗത്താണ്  പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. തീരദേശ എം.എല്‍.എമാരുടെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ശുചീകരണ നടപടികള്‍ വേഗത്തിലായത്. 
  മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ കനോലി കനാല്‍ ശുദ്ധീകരിക്കാനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും കര്‍മപദ്ധതി  തയ്യാറാക്കുമെന്നും ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു അന്ന് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 
  'ക്ലീന്‍ കനോലി' പദ്ധതിയുടെ ഭാഗമായി നൂതന സാങ്കേതിക വിദ്യയായ റോബോട്ട് സംവിധാനമുപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ അതിരൂക്ഷമായ മാലിന്യ പ്രശ്നമാണ് കനാലില്‍ നിലനില്‍ക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്ന വിഷാംശങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടെന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാലിന്യ നിര്‍മാര്‍ജ്ജനം മാത്രമല്ല, ശാശ്വതമായി കനാല്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പല കാലങ്ങളിലും പലയിടത്തുമായി ഹ്രസ്വമായ വികസനം മാത്രമാണ് നടന്നിട്ടുള്ളതെന്നും പൂര്‍ണ്ണമായ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു.
 

date