Skip to main content

സ്ത്രീ ശാക്തീകരണം സധൈര്യം മുന്നേറാന്‍ നിര്‍ദേശങ്ങളുമായി അധ്യാപകര്‍

സ്ത്രീ ശാക്തീകരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍. പുരുഷന്‍മാരുടെ സജീവ പങ്കാളിത്തത്തോടെയേ ശാക്തീകരണം സാധ്യമാകൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി. വനിതാ-ശിശു വികസന വകുപ്പിന്‍റെ സധൈര്യം മുന്നോട്ട് സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാലയിലാണ് അധ്യാപകര്‍ മനസു തുറന്നത്. 

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വീടുകളില്‍ ആരംഭിക്കണം. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും വേണം. ലൈംഗീക വിദ്യാഭ്യാസത്തിനൊപ്പം നിയമാവബോധവും കുട്ടികള്‍ക്കു നല്‍കണം.  അധ്യാപകര്‍ക്ക് കൂടുതല്‍ സംവദിക്കാന്‍ കഴിയും വിധത്തില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം നിജപ്പെടുത്തണം. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ടെന്നും അവര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുത്ത പരിപാടിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും.

ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്തംഗം ഡോ. ശോഭാ സലിമോന്‍ അധ്യക്ഷത വഹിച്ചു.   മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.വി. ഷൈല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ പി.എന്‍.ശ്രീദേവി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്മിത എസ്.നായര്‍, ഉമാദേവി എന്നിവര്‍ സംസാരിച്ചു. അഡ്വ. സിന്ധു ഗോപാലകൃഷ്ണനും അഡ്വ. ബി. ജയശങ്കറും വിഷയം അവതരിപ്പിച്ചു.

date