Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 'വിദ്യാലയം പ്രതിഭകളോടൊപ്പം'

പ്രതിഭകളെ തേടി ഇനി കുട്ടികള്‍ വീട്ടിലെത്തും. ജില്ലയിലെ പ്രശസ്തരും അപ്രശസ്തരുമായ പ്രതിഭകളെ ആദരിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്  വൈവിധ്യമാര്‍ന്ന പരിപാടിക്ക് അവസരം നല്‍കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം'  എന്ന പേരില്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 28 വരെ നടത്തുന്ന പരിപാടിയിലാണ് പ്രതിഭകളെ തേടി കുട്ടികള്‍ വീട്ടിലെത്തുന്നത്. ഓരോ വിദ്യാലയത്തിലേയും തെരഞ്ഞെടുക്കപ്പെട്ട പത്തോ, പതിനഞ്ചോ കുട്ടികള്‍ സ്‌കൂളിന്റെ സമീപത്തുള്ള ശാസ്ത്രം, കല, സാഹിത്യം, സ്പോര്‍ട്സ് ഇവയില്‍ ഏതെങ്കിലും മേഖലയില്‍  പ്രശസ്തനായ വ്യക്തിയുടെ വീട്ടിലെത്തി ആദരിക്കുന്നതാണ് പരിപാടി.
 ആദരിക്കുന്ന വ്യക്തിയെ  വിദ്യാഭ്യാസ മന്ത്രിയുടെ കത്തോട് കൂടി മുന്‍കൂട്ടി വിവരം അറിയിച്ച ശേഷമാണ് കുട്ടികള്‍ വീടുകളിലെത്തുക. ജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍ മുതല്‍ പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥര്‍  എന്നിവര്‍  പങ്കാളികളാവും.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിപാടി സംഘടിപ്പിക്കും.  ആയിരക്കണക്കിന് പ്രതിഭകളാണ് പരിപാടി വഴി ആദരിക്കപ്പെടുക. മണ്‍മറഞ്ഞതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ ഉള്‍പ്പെടെ  പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന പരിപാടിയായി ഇവ മാറും. 
പരിപാടിയുടെ മുന്നോടിയായി നവംബര്‍ 12 നകം ജില്ലയിലെ മുഴുവന്‍ പ്രതിഭകളുടെയും ലിസ്റ്റ് തയ്യാറാക്കി ജില്ലാതലത്തില്‍ ക്രോഡീകരിച്ച് മുഴുവന്‍ വിദ്യാലയങ്ങളുടെയും പ്രതിഭകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തും. പരിപാടികളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. വിദ്യാര്‍ത്ഥികളുടെ വീട്ടിലോ സ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലോ ഉണ്ടായ ഒരു കുടന്ന പൂക്കളുമായിട്ടായിരിക്കും വിദ്യാര്‍ത്ഥികള്‍ പ്രതിഭകളെ ആദരിക്കുക. ലിറ്റില്‍ കൈറ്റ്സിലെ കുട്ടികളെ പ്രയോജനപ്പെടുത്തി ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനുള്ള നടപടികളും സ്വീകരിക്കും.
പരിപാടിയുടെ വിജയത്തിനായി ജില്ലാതലത്തില്‍ നടന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ കെ.എസ് കുസുമം, ആര്‍.ഡി.ഡി കെ.സ്നേഹലത, വി.എച്ച്.എസ്.ഇ.എ.ഡി. എം.ഉബൈദുള്ള , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ.ഓര്‍ഡിനേറ്റര്‍ എം.മണി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
 

date