നബിദിനാഘോഷം - കടകളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ് കാലാവധി കഴിഞ്ഞ നൂറ് കിലോ മിഠായി പിടിച്ചെടുത്തു
നബിദിനാഘോഷ പരിപാടികളില്‍ വിപണികളില്‍ വില്‍ക്കാനായി എത്തിയ പലഹാരങ്ങളിലും മിഠായികളിലും പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്. ആഘോഷത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മഞ്ചേരിയില്‍ നിന്നും കാലാവധി കഴിഞ്ഞ നൂറ് കിലോ മിഠായി പിടിച്ചെടുത്തതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു. പിടിച്ചെടുത്തവയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് തുടര്‍ പരിശോധനക്കായി കോഴിക്കോട് റീജിയനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയക്കുകയും ബാക്കിയുളളവ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നശിപ്പിക്കുകയും ചെയ്തു. ഇത്തരം പദാര്‍ത്ഥങ്ങള്‍ വിപണിയില്‍ ലഭ്യമാകാതിരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും.
നബിദിനാഘോഷ പരിപാടികളില്‍ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. അവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ വഴി ജില്ലയിലെ എല്ലാ മഹല്‍ കമ്മറ്റികളിലും മദ്രസകളിലും എത്തിച്ചതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
-വിതരണം ചെയ്യുന്ന ഭക്ഷണപാനീയങ്ങള്‍ ശരിയായ ലേബല്‍ വിവരങ്ങള്‍ ഉളളതാണ് എന്ന് ഉറപ്പു വരുത്തുക.
-.അമിതമായി കളര്‍ ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക.
-ചൂടുളള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണം. നബിദിനം പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക്, തെര്‍മോകോള്‍, പേപ്പര്‍, അലുമിനിയം ഫോയില്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവക്ക് പകരം പരമാവധി സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ കപ്പുകള്‍, എന്നിവ ഉപയോഗിക്കുക.
-ഭക്ഷണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്നും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം വൃത്തിയുളളതാണ് എന്നും ഉറപ്പു വരുത്തുക.
-പോഷക സമൃദ്ധമായ പഴവര്‍ഗങ്ങള്‍ വിതരണത്തില്‍ ഉള്‍പ്പെടുത്തുക.
-മദ്രസകളുടെ സമീപത്ത് അനധികൃതമായ മിഠായി, ഉപ്പിലിട്ടത്, ഐസ്‌ക്രീം മുതലായ കച്ചവടങ്ങള്‍ അനുവദിക്കാതിരിക്കുക.
-ജങ്ക് ഫുഡ്, കോള മുതലായ ശീതള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
- ജ്യൂസ് എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെളളത്തിന്റെയും ഐസിന്റെയും ഗുണനിലവാരം ശ്രദ്ധിക്കണം.
- കാലവാധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും, പാനീയങ്ങളും വിതരണം ചെയ്യുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.
-ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രിന്റഡ് പേപ്പറില്‍/ന്യൂസ് പേപ്പറില്‍ പൊതിഞ്ഞുകൊടുക്കാന്‍ പാടുളളതല്ല.
- Log in to post comments