ലൈഫ് മിഷന്‍ മൂന്നാഘട്ടം- കര്‍മ്മ പദ്ധതി തയ്യാറാക്കല്‍ നവംബര്‍ 30നകം പൂര്‍ത്തീകരിക്കണം
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനമായ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനായി പരമാവധി ഭൂമി കണ്ടെത്തണമെന്നും, ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 30നകം തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ മറ്റ് വകുപ്പുകളുടെയോ കൈവശമുള്ള ഉപയോഗിക്കാത്ത വാസയോഗ്യമായ ഭൂമിയാണ് ഭൂരഹിത-ഭവന രഹിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ക്ലസ്റ്റര്‍ ഹോം/ഭവനമുച്ചയത്തിനായി ലൈഫ് മിഷനെ അറിയിക്കേണ്ടത്.
ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനവശേഷിക്കുന്ന വീടുകള്‍ നവംബര്‍ 30നകം പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടം പൂര്‍ത്തിയായതായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന വീടുകള്‍ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്നും അറിയിച്ചു. ഇതിനായി കുറഞ്ഞ നിരക്കില്‍ സാധനസാമഗ്രികള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ചില സ്ഥാപനങ്ങളെ കണ്ടെത്തി നല്‍കിയിട്ടുണ്ടെന്നും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ഗുണഭോക്താക്കളെ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ മുന്‍കൈയ്യെടുക്കണമെന്നും ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വീട് നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ്, പെയിന്റ്, സാനിറ്ററി ഐറ്റംസ്, വാട്ടര്‍ ടാങ്ക്, ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍, പൈപ്പ് ഫിറ്റിങ്ങുകള്‍ എന്നിവ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ പ്രത്യേക വില നിശ്ചയിച്ചിട്ടുള്ളത്. സാനിറ്ററി ഫിറ്റിങ്ങ്‌സ് നിര്‍മ്മാതാക്കളായ സെറ, ജീറ്റും, പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്, നെരോലാകും, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ നിര്‍മാതാക്കളായ ലെഗ്രന്റ്, വിപ്രോ, വീഗാര്‍ഡും, പൈപ്പ് സാമഗ്രികള്‍ നിര്‍മ്മാതാക്കളായ ഹൈക്കൗണ്ട്, സ്റ്റാര്‍, സിമന്റ് നിര്‍മ്മാതാക്കളായ മലബാര്‍ സിമന്റ്‌സുമാണ് ഏറ്റവും വിലക്കുറവില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നത്.
നിര്‍മ്മാണ സാമഗ്രികളെല്ലാം തന്നെ ഗുണഭോക്താവ് തന്നെ നേരിട്ട് ഗുണനിലവാരവും വിലയും പരിശോധിച്ച് ഉറപ്പ് വരുത്തി, ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് അടുത്തുള്ള ഏജന്‍സികളില്‍ നിന്നും വാങ്ങാം. ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള തിരിച്ചറിയല്‍ രേഖ അതാത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, വില്ലേജ് ഓഫീസറുമാണ് നല്‍കുന്നത്. ജില്ലയിലെ വിതരണക്കാരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Log in to post comments