Skip to main content
ഉടുമ്പന്‍ചോല ഹരിതചോല പദ്ധതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്‍ചോലയില്‍  സമഗ്രമാലിന്യ പരിപാലന പദ്ധതി 'ഹരിതചോല'യക്ക് തുടക്കം;  ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനം  മന്ത്രി എം എം മണി നിര്‍വഹിച്ചു സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എംഎം മണി

വികസന രംഗത്ത് പുതിയ കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത,് എല്ലാ രംഗത്തും സമഗ്രമായ വികസനം എത്തിക്കുന്ന കര്‍മ  പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ സമഗ്ര മാലിന്യ പരിപാടി 'ഹരിതചോല'യുടെ ഉദ്ഘാടനവും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലൈഫ്  ഭവനങ്ങളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് ലൈഫ് ഭവന പദ്ധതിയിലൂടെയെന്നും അദ്ദേഹം പറഞ്ഞു. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അനുവദിച്ചിരുന്ന 340 വീടുകളില്‍ 201 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നോതോടെ പഞ്ചായത്തില്‍ ഭവനരഹിതര്‍ ഇല്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത.് ഇതിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകള്‍ ഹൈടെക്ക് ആക്കി മാറ്റുന്നതെന്നും മന്ത്രി പറഞ്ഞു. ഉടുമ്പന്‍ചോല പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതചോല പദ്ധതി മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.   ഉടുമ്പന്‍ചോല രണ്ടാം മൈല്‍ റോഡ് വിവിധ പഞ്ചായത്തുകളുടെ വികസനത്തിന് വഴിതെളിക്കും. 154 കോടി രൂപ ചിലവില്‍ ദേവികുളം ഉടുമ്പന്‍ചോല താലുക്കുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഹരിതചോല പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ രണ്ട് കിലോ മീറ്ററിലും പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിക്കും, പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുമ്പൂര്‍മുഴി മോഡല്‍ മിനി മൂവബിള്‍ എയ്‌റോബിക് ബിന്നുകളും സ്ഥാപിക്കും കൂടാതെ ഉറവിട മാലിന്യ സംസ്‌കാരണത്തിന്റെ  ഭാഗമായി മുവായിരം കമ്പോസ്റ്റ് കുഴികള്‍ വീടുകളില്‍ നിര്‍മ്മിക്കും. കുമളി-മൂന്നാര്‍ സംസ്ഥാനപാതയുടെ ഭാഗമായ പഞ്ചായത്തിലെ 15 കിലോമീറ്റര്‍ ദൂരം വെട്ടി തെളിച്ച് ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ  ഭാഗമായി തുണി സഞ്ചികളുടെ വിതരണവും യോഗത്തില്‍ നടന്നു. എംജി യൂണിവേഴ്‌സിറ്റിയില്‍ എംഎ ഗ്രാഫിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോയല്‍ റെജിയെ ചടങ്ങില്‍ അനുമോദിച്ചു.  

ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികലാ മുരുകേശന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, ത്രിതലപഞ്ചായത്തംഗങ്ങളായ നിര്‍മ്മല നന്ദകുമാര്‍, ഡെയ്‌സമ്മ ജോസഫ്, തോമസ് തെക്കേല്‍, സിന്ധു രഘു, ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു, ഹരിത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.എസ് വിനയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സൈലേഷ് തോമസ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുകത്തു.

date