Skip to main content

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള പീഢനങ്ങൾ വർദ്ധിക്കുന്നു:വനിതാ കമ്മീഷൻ

ആലപ്പുഴ: തൊഴിൽ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി സംസാഥാന വനിതാ കമ്മീഷൻ. അടുത്ത കാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങൾ സംബന്ധിച്ച് കമ്മീഷന് മുന്നിൽ ഒട്ടേറെ പരാതികളാണ് എത്തുന്നത്. തൊഴിൽ സ്ഥാപനങ്ങളിലെ ഇത്തരം അതിക്രമങ്ങൾ കമ്മീഷൻ അതീവ ശ്രദ്ധയോടു കൂടിയാണ് നോക്കിക്കാണുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. തൊഴിലിടങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ചിട്ടുള്ള പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം പലയിടങ്ങളിലും കാര്യക്ഷമമല്ലെന്നും പലപ്പോഴും ഇത്തരം സെല്ലുകളിൽ നിന്നും സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്നും കമ്മീഷൻ വിലയിരുത്തി.

സ്ത്രീയുടെ വ്യക്തി സ്വാതന്ത്രത്തിന് മേൽ കടന്നുകയറുന്ന സംഭവങ്ങളും പരാതികളായി കമ്മീഷന് മുന്നിലെത്തുന്നുണ്ട്. നിയമപരമായി വിവാഹമോചനം നേടിയ ശേഷം സ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ഇവരുടെ തൊഴിൽ ഇല്ലാതെയാക്കുവാൻ ശ്രമിക്കുന്ന സംഭവം കമ്മീഷന് മുൻപാകെ പരാതിയായി ലഭിച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ തന്നെ കണ്ട് സൈബർ സെല്ലിന്റെ സഹായത്തോടു കൂടി കർശ്ശനമായ നടപടികൾ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും എം.സി ജോസഫൈൻ വ്യക്തമാക്കി. ആലപ്പുഴയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷൻ അദ്ധ്യക്ഷ.
ആകെ 65 പരാതികളാണ് കമ്മീഷൻ അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കുകയും 12 പരാതികൾ പൊലീസ് റിപ്പോർട്ടിനായി കൈമാറുകയും ചെയ്തു. 35 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ അദ്ധ്യക്ഷയെ കൂടാതെ അംഗങ്ങളായ അഡ്വ:എം.എസ് താര, ഇ.എം രാധ എന്നിവരും പങ്കെടുത്തു. ഡിസംബർ പത്തിനാണ് ആലപ്പുഴയിൽ കമ്മീഷന്റെ അടുത്ത അദാലത്ത് നടക്കുക.

 

date