Skip to main content
ഭരണഭാഷാ വാരാചരണത്തിൻറ്റെ  ഭാഗമായി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഡി ഐ ജി കെ സേതുരാമന് ജില്ലാ കളക്ടർ ടി വി സുഭാഷ് ഉപഹാരം കൈമാറുന്നു

ഭരണ നിര്‍വഹണം വോട്ടുചോദിക്കുന്ന ഭാഷയിലാവണം: ഡിഐജി

ഭരണ നിര്‍വഹണം വോട്ടുചോദിക്കുന്ന ഭാഷയിലാകണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍. വോട്ടുചോദിക്കുന്ന ഭാഷയില്‍ ഭരണനിര്‍വഹണം നടത്തുമ്പോള്‍ അവിടെ അഴിമതി രഹിത ഭരണവ്യവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡിഐജി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കോടതി ഭാഷ ജനങ്ങള്‍ക്ക് മനസ്സിലാകുമ്പോഴാണ് അവിടെ നീതി പുലരുക. സാധാരണക്കാരായ പൗരന്മാരുടെ ഭാഷയിലാകണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഏത് ഓഫീസില്‍ കയറിച്ചെന്നാലും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയണം. ഐപിഎസ് നേടിയതിന് ശേഷമാണ് താന്‍ മലയാളം പഠിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ സാധാരണക്കാരോട് അവരുടെ ഭാഷയില്‍ സംവദിക്കണമെന്ന ആഗ്രഹത്താലാണ് അത്തരമൊരു തീരുമാനമെടുത്തത്. എങ്കില്‍ മാത്രമേ നല്ല ഐപിഎസ് ഓഫീസറാകാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടറില്‍ നിന്ന് പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി.
ഭരണഭാഷാ സേവന പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടിയ സീനിയര്‍ ക്ലാര്‍ക്ക് രാമചന്ദ്രന്‍ അടുക്കാടിനെ ചടങ്ങില്‍ ഡിഐജി  അനുമോദിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു. പട്ടികജാതി- പട്ടിക വര്‍ഗ്ഗ പിന്നോക്ക മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്തിവരുന്ന പയ്യാവൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ വര്‍ഗ്ഗീസിന് ജില്ലാ കലക്ടര്‍ പുരസ്‌കാരം നല്‍കി. ഭരണഭാഷ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിന് ജില്ലയ്ക്ക് ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര തുക ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഭരണഭാഷ പുരസ്‌കാരമായി ലഭിച്ച പ്രശസ്തി പത്രവും ചെക്കും ജില്ലാ കലക്ടറില്‍ നിന്ന് എഡിഎമ്മും ഹുസൂര്‍ ശിരസ്തദാറും ഏറ്റുവാങ്ങി.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഔദ്യോഗിക ഭാഷാവിദഗ്ധന്‍ ആര്‍ ശിവകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ കെ അനില്‍ കുമാര്‍, വി വിശാലാക്ഷി, പി കെ ബാബു, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍, ഹെഡ് ക്ലാര്‍ക്ക് ബി ജി ധനഞ്ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date