Skip to main content

കലോത്സവത്തില്‍ യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലെത്തുമ്പോള്‍...

കേരള സ്‌കൂള്‍ കലോത്സവത്തോടൊപ്പം യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലേക്ക് എത്തുകയാണ്. കാസര്‍കോട് ജില്ലാ രൂപീകരിച്ചതിന് ശേഷം 1991 ല്‍ ആദ്യമായി എത്തിയ കലോത്സവത്തിലാണ് യക്ഷഗാനം ഇനമായി ചേര്‍ക്കപ്പെട്ടത്. തുളുമണ്ണിന്റെ തനതുകലയായി ഖ്യാതികേട്ട യക്ഷഗാനത്തിന് കേരളത്തിലെ മറ്റ് ജില്ലകളില്‍ ആസ്വാദകര്‍ കുറവായിരുന്നു. കൗമാര കലാ മാമാങ്കത്തിലെ ഒരു മത്സര ഇനമായി ഇത് മാറിയതോടെ കേരളക്കരയാകെ യക്ഷഗാനത്തെ ഏറ്റെടുത്തു. ഇന്ന് പതിനാല് ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികളുള്ള ഇനമായി യക്ഷഗാനം മാറിക്കഴിഞ്ഞു. എന്നിരിക്കിലും മത്സരത്തില്‍ സമ്മാനം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ കാസര്‍കോടിന് എന്നും ഒന്നാം സ്ഥാനമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാന മത്സരത്തില്‍ അഗല്‍പ്പാടി എസ്.എ.പി.എച്ച്. എസിന് എഗ്രേഡ് ലഭിച്ചിരുന്നു.

യക്ഷഗാനം സ്‌കൂള്‍ കലോത്സവത്തില്‍ ചുവടുവെച്ച് തുടങ്ങിയത് ജന്മനാട്ടില്‍ നിന്നാണെങ്കിലും ഇപ്പോള്‍ യൗവ്വനത്തിളക്കത്തിലാണ് ഇവിടേയ്ക്ക് തിരിച്ചെത്തുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കലാരൂപമായാണ് പൊതുവേ യക്ഷഗാനം അറിയപ്പെട്ടതെങ്കിലും കാസര്‍ക്കോട് ജില്ലയിലെ കുമ്പളയിലാണ് ഈ കലയുടെ ജനനം. ഷേദിക്കാവ് പാര്‍ത്ഥിശുഭയാണ് യക്ഷഗാനത്തിന്റെ സാഹിത്യം ചിട്ടപ്പെടുത്തിയത്. കൂഡ്‌ലു സുബ്രായ ഷാന്‍ഭഗ് ഒന്നാമനാണ് യക്ഷഗാനത്തിന്റെ ഇന്ന് കാണുന്ന വേഷ വിധാനങ്ങള്‍ തയ്യാറാക്കിയത്.

2006 ല്‍ എറണാകുളത്ത് നടന്ന കലോത്സവത്തില്‍ മത്സര ഇനമായ യക്ഷഗാനത്തിന് വേണ്ടി അക്ഷരശ്ലോകത്തിനായി  നിരത്തിയ ബെഞ്ചുകളായിരുന്നു സംഘാടകര്‍ ഒരുക്കിയത്. എന്നാല്‍ ഇന്ന് യക്ഷഗാനത്തിന്റെ സംഘാടനത്തില്‍ സ്‌കൂള്‍ കലോത്സവം ഏറെ മുന്നോട്ട് പോയിരിക്കുന്നു. യക്ഷഗാനം കാണാനും ആസ്വദിക്കാനും പഠിക്കാനും അവതരിപ്പിക്കാനും ഇന്ന് മത്സരാര്‍ത്ഥികളും ആസ്വാദകരും കേരളക്കരയില്‍ ഏറെയുണ്ട്.

സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിക്കുന്ന കലാരൂപമാണ് യക്ഷഗാനം. അഭിനയത്തിന്റെ എല്ലാ ഭാവങ്ങളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ആഹാര്യ, ആംഗിക, സാത്വിക, വാചികാധി, ചതുരംഗങ്ങള്‍ സമ്മേളിക്കുന്ന യക്ഷഗാനത്തിന് കഥകളിയുമായി രൂപ സാദൃശ്യമുണ്ട്. എന്നാല്‍ കഥകളിയില്‍ നിന്ന് വ്യത്യസ്തമായി കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്കാണ് യക്ഷഗാനത്തില്‍ പ്രാധാന്യം.
 
മുന്‍ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ നാട്യസമ്പ്രദായത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നില്ല. അക്കാരണത്താല്‍ തന്നെ പുരുഷന്മാരായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്. ആയതിനാല്‍ പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തുകയും നടകള്‍ അഭ്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കാനുള്ള അവസരം ഉണ്ട്.  യക്ഷഗാനത്തിനായി കൊണ്ടവച്ച് കിരീടമണിഞ്ഞ്,മുഖത്ത് വര്‍ണ്ണങ്ങള്‍ തേക്കും. കണ്ണും പുരികവും എഴുതും. ഹസ്തകടകം, തോള്‍പ്പൂട്ട്, മാര്‍മാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനായി ഉപയോഗിക്കുന്നു.

ഈ കലയോടുള്ള ആദരമായി മഞ്ചേശ്വരത്ത് മഹാകവി ഗോവിന്ദ പൈ സ്മാരകത്തില്‍ യക്ഷഗാന മ്യൂസിയവും കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ യക്ഷഗാന ഗവേഷണകേന്ദ്രവും പ്രവര്‍ത്തിക്കുണ്ട്.

date