Skip to main content

കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം -തോമസ് ചാഴികാടന്‍ എം.പി

കോട്ടയം ജില്ലയുടെ വികസനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി നിര്‍ദേശിച്ചു. കേന്ദ്ര സഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ  മേഖലകളുമായി ബന്ധപ്പെട്ട്  42 പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുന്നത്. കോട്ടയം ജില്ലയില്‍ ഇതില്‍ 27 പദ്ധതികളാണ് നടപ്പാക്കുന്നത്.  ജനങ്ങള്‍ക്കും ജില്ലയ്ക്കും കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിര്‍വഹണത്തിലെ അപാകതകള്‍ മൂലം നഷ്ടമാകാന്‍ ഇടയാകരുത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം- അദ്ദേഹം പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം 27,00,003 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിടുന്ന മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ  55,185 കുടുംബങ്ങള്‍ക്ക്  18,47,469 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. മെറ്റീരിയല്‍ ഫണ്ട് ലഭിക്കുന്നതില്‍  കാലതാമസം നേരിടുന്നതായി യോഗത്തില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടി. ഈയിനത്തില്‍ 10 കോടിയോളം രൂപ ജില്ലയ്ക്ക് ലഭിക്കുവാനുണ്ട്. ഇതുമൂലം പദ്ധതി നടത്തിപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.പി പറഞ്ഞു.

പദ്ധതി നടത്തിപ്പിന് തടസങ്ങളുണ്ടായാല്‍ അതത് എം.പിമാരുടെ ശ്രദ്ധയില്‍ പ്പെടുത്തണം. പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് തലത്തില്‍ സംവിധാനം ഉണ്ടാക്കും.

വ്യക്തിഗത പദ്ധതികളായ പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കംപോസ്റ്റ് പിറ്റ്, കിണര്‍, സോക് പിറ്റ് എന്നിവയുടെ നിര്‍മ്മാണം നടന്നു വരുന്നു. നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന 45 അങ്കണവാടികളില്‍ ആറെണ്ണം പൂര്‍ത്തീകരിച്ചു. 25 എണ്ണം നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിച്ച 1.66 കോടി രൂപയില്‍ 1.56 കോടി രൂപ വിനിയോഗിച്ചു. 

ശുചിത്വം ഉറപ്പു വരുത്തുന്നതിനുള്ള സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് ലഭിച്ച 82 ലക്ഷം രൂപയില്‍ 28 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ പൊതു ഇടങ്ങളിലും പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്നും പ്രധാന മന്ത്രി ഗ്രാമ സടക് യോജനയില്‍ ഉള്‍പ്പെടുത്തേണ്ട കൂടുതല്‍ റോഡുകളുടെ പട്ടിക ഉടന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 11 റോഡുകളാണ് നിലവില്‍ നിര്‍മ്മിച്ചു വരുന്നത്. പി.എം.എ.വൈ ഗ്രാമീണ്‍ പദ്ധതിയില്‍ ഭവന നിര്‍മ്മാണ ധനസഹായം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

നീര്‍ത്തട വികസനം, ആശുപത്രി നവീകരണം, കാര്‍ഷിക ഇന്‍ഷ്വറന്‍സ്, മാര്‍ക്കറ്റിംഗ്, റര്‍ബന്‍ മിഷന്‍, വൈദ്യുതി വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം, സൗജന്യ ഇന്‍റര്‍നെറ്റ് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

കേന്ദ്ര പദ്ധതികളുടെ അവലോകന യോഗത്തില്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എം.പി. നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി അമീര്‍, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.

date