Skip to main content

മിനി സിവില്‍ സ്റ്റേഷന്‍ ഹരിത വിമലമാക്കും

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ ഹരിത വിമല സിവില്‍ സ്റ്റേഷനായി മാറ്റുന്നതിന്റെ ഭാഗമായി സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓഫീസുകളിലെ പ്ലാസ്റ്റിക്  ഉപയോഗത്തിന്റെ അളവ് ചുരുക്കല്‍, പുനരുപയോഗം, പുന: ചംക്രമണം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പൂര്‍ണമായും ഹരിതചട്ടം പാലിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം എടുത്തു.
            മാലിന്യ പരിപാലനത്തിനായി എല്ലാ ഓഫീസിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിശ്ചയിച്ച് ചുമതല നല്‍കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍, നോഡല്‍ ഓഫീസര്‍മാരുടെ പ്രതിമാസ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കല്‍, ഓഫീസുകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ മാസത്തില്‍ / രണ്ട് മാസത്തില്‍ ഒരിക്കല്‍ കൈമാറല്‍, താലൂക്ക് ഓഫീസറുടെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന  ഏകോപന സംഘം ഉണ്ടാക്കി റാന്‍ഡം ചെക്കിങ് നടത്തല്‍, നന്നായി മാലിന്യം കൈകാര്യം ചെയ്യുന്ന ഓഫീസുകള്‍ക്ക് അനുമോദനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി നവംബര്‍ 16  ന്  മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിക്കും. മിനി സിവില്‍ സ്റ്റേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍  കാഞ്ഞങ്ങാട്  നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ മെഹ്യൂബയ്ക്ക് കൈമാറും.
          ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു.തഹസില്‍ദാര്‍ എന്‍  മണിരാജ്, മെഹ്യൂബ ഉടമ കുഞ്ഞബ്ദുള്ള വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, എന്നിവര്‍ പങ്കെടുത്തു.

date