Skip to main content

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ വായ്പാ മൊറട്ടോറിയം; അവസാന തിയതി നവംബർ 25

സംസ്ഥാന സർക്കാർ പ്രളയബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി നടപ്പാക്കുന്ന വായ്പാ മൊറട്ടോറിയത്തിനു അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 25 ആണെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. 2019 ജൂലായ് 31ന് വായ്പ കുടിശ്ശിക ഇല്ലാത്ത വായ്പകൾക്കാണ് മൊറട്ടോറിയം ആനുകൂല്യം. അർഹരായവർ വായ്പ എടുത്ത ബാങ്ക് ശാഖയിൽ നവംബർ 25നു മുമ്പായി അപേക്ഷ നൽകണം. വൈകിയാൽ അവസരം നഷ്ടപ്പെടുമെന്നും അറിയിച്ചു.
ജില്ലയിൽ 215 വില്ലജുകളാണ് പ്രളയബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ചാലക്കുടി താലൂക്കിൽ 27, ചാവക്കാട് താലൂക്കിൽ 28, കൊടുങല്ലൂർ- 14, കുന്നംകുളം-11, മുകുന്ദപുരം-29, തലപ്പിള്ളി-33, തൃശൂർ-73 എന്നിവയാണ് പ്രളയബാധിതം. പ്രളയ ബാധിത വില്ലേജുകളുടെ വിവരം റവന്യൂ ഓഫീസുകളിൽ നിന്നും ലഭിക്കും.
വായ്പാ തിരിച്ചടവിനു സാവകാശം നൽകുന്നതാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലത്ത് ബാങ്കുകൾ നിലവിലെ പലിശ ഈടാക്കും. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോട് ചേർത്ത് ഈ പുതുക്കിയ ഗഡു കണ്ക്കാക്കുകയാണു ചെയ്യുക. ഹ്രസ്വകാല, ദീർഘകാല കൃഷി വായ്പകൾ, കൃഷി അനുബന്ധ വായ്പകൾ, സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭം ഭവന വിദ്യാഭ്യാസ വായ്പ എന്നിവയ്ക്കു മൊറട്ടോറിയം ലഭിക്കും. വിദ്യാഭ്യാസ വായ്പകൾക്കു ആറ് മാസവും മറ്റുള്ളവയ്ക്കു 12 മുതൽ 18 മാസം വരെയുമാണ് മൊറട്ടോറിയം നൽകുക. പ്രകൃതി ക്ഷോഭത്തിൽ വിളനാശം സംഭവിച്ചവർക്ക് ജില്ലയിലെ ഉൽപാദന വായ്പ തോത് അനുസരിചുളള പുതിയ വായ്പയ്ക്കും അർഹത ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷം മൊറട്ടോറിയം ലഭിച്ചവരുടെ വില്ലേജ് ഇത്തവണയും പ്രളയ ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഈ വർഷവും അർഹത ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം അപേക്ഷിക്കാത്തവർക്ക് കുടിശ്ശിക ഇല്ലെങ്കിൽ ഈ വർഷം അപേക്ഷിക്കാം.

date