Skip to main content

വ്യവസായ മേഖലയ്ക്കും നവസംരംഭകര്‍ക്കും പ്രോത്സാഹനമേകുന്ന വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി എ.സി. മൊയ്തീന്‍

കൊച്ചി: വ്യവസായ മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ച യന്ത്രപ്രദര്‍ശന മേളയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായികളുമായി ചര്‍ച്ച ചെയ്ത് കരട് വ്യവസായ നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതി•േ-ലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം സര്‍ക്കാര്‍ വ്യവസായ നയം പ്രഖ്യാപിക്കും. നയത്തിന്റെ ഭാഗമായി പുതിയ തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്കും ഇഎസ്‌ഐയുടെയും ഇപിഎഫിന്റെയും നിശ്ചിത വിഹിതം അടുത്ത മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും. വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി നാനോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളും വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വീടിനുള്ളിലോ വീടിനോടു ചേര്‍ന്നോ ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്കുള്ള പലിശയുടെ ആറു ശതമാനം വ്യവസായ വകുപ്പ് നല്‍കും. ഇത് വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കും. നിലവിലെ സംരംഭകര്‍ക്കും നവസംരംഭകര്‍ക്കും ആവശ്യമായ വിവരങ്ങള്‍ മേളയില്‍ ലഭ്യമാകും. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിര്‍മ്മാണം, പ്ലാസ്റ്റിക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ക്കാവശ്യമായ യന്ത്ര സാമഗ്രികള്‍ പരിചയപ്പെടുന്നതിനുള്ള അവസരം മേളയിലുണ്ട്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരഭങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടത്തുന്നത്. സാങ്കേതികവിദ്യയും വായ്പയും ലഭ്യമായാലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് ലഭിക്കുന്നതടക്കം നിരവധി പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് 2017 എന്ന പേരില്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പരമാവധി 30 ദിവസത്തിനുള്ളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സ് ലഭ്യമാക്കും. എംഎസ്എംഇ മേഖലയില്‍ പൂര്‍ണ്ണ വിവരണ ശേഖരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് കേരളത്തിലാണ്. വ്യവസായ സംരംഭങ്ങളെക്കുറിച്ചും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്ന സംവിധാനങ്ങളെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ വ്യവസായ ജാലകം പോര്‍ട്ടല്‍ വഴി ലഭ്യമാണ്. എല്ലാ ജില്ലകളിലെയും വ്യവസായ സാധ്യതകളെക്കുറിച്ചുള്ള വിവരശേഖരണവും പൂര്‍ത്തീകരിച്ചു. ഇത് വ്യവസായ സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുകയും സുരക്ഷിതമായി വ്യവസായം തുടങ്ങാന്‍ സാഹചര്യമൊരുക്കുകയുമാണ് വ്യവസായ പാര്‍ക്കുകള്‍. ഇവിടെ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിട സമുച്ചയങ്ങളില്‍ നിരവധി സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. തിരുവനന്തപുരത്തും തൃശൂരും വ്യവസായ പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോമിക്കുന്നു. എംഎസ്എംഇ ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പദ്ധതികളും സംസ്ഥാനത്ത് മികച്ച രീതിയില്‍ മുന്നേറുന്നു. വ്യവസായ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി താലൂക്ക്/ജില്ലാതല നിക്ഷേപക സംഗമങ്ങളും നടത്തി വരുന്നു. സസംഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകുന്ന ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍മ്മാതാക്കളും വിതരണക്കാരുമടക്കം 134 സ്റ്റാളുകളാണ് മേളയിലുള്ളത്. ഉദ്ഘാടനത്തിനു മുന്നോടിയായി കഥകളി, മോഹനിയാട്ടം, കളരിപ്പയറ്റ് തുടങ്ങി കേരളത്തിലെ നൃത്ത കലാരൂപങ്ങളുടെ അവതരണവും നടന്നു. എക്സ്പോയില്‍ പങ്കെടുക്കുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ ഡയറക്ടറി നഗരസഭ ഡെപ്യൂട്ടി മേയര്‍ റ്റി.ജെ വിനോദ് പ്രകാശനം ചെയ്്തു. പ്രൊഫ. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.എ്ന്‍. സതീഷ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, എംഎസ്എംഇ ഡയറക്ടര്‍ പി.വി. വേലായുധന്‍, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, ഫിക്കി സംസ്ഥാന പ്രസിഡന്റ് ദീപക് എല്‍ അസ്വാനി, എന്‍എസ്‌ഐസി ജിയോ ജോണ്‍ ചാലക്കല്‍, വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
date