ജില്ല കളക്ടറുടെ കര്‍ശന നിര്‍ദേശം പാലിച്ച് വകുപ്പുകള്‍; ഇത്തവണ നടപടി റിപ്പോര്‍ട്ടുകളെല്ലാം കൃത്യം
കാക്കനാട്: ജില്ല വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് മറുപടി നല്‍കേണ്ട കോളം ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. നടപടി സംബന്ധിച്ച് യോഗത്തില്‍ വകുപ്പില്‍ നിന്നുള്ള പ്രതിനിധികള്‍ വിശദീകരിക്കും. മിക്കപ്പോഴും വകുപ്പ് മേധാവികള്‍ പങ്കെടുക്കാറുമില്ല.
എന്നാല്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ മേധാവികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ മാസവും 20 നകം സമര്‍പ്പിക്കണമെന്നും ജില്ല കളക്ടര്‍ മുഹമ്മദ് സഫീറുള്ള കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇപ്രാവശ്യത്തെ വികസന സമിതിയില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് കൃതൃമായി സമര്‍പ്പിച്ചിരുന്നു.
സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ല പ്ലാനിംഗ് ഓഫീസറെയും ഡെപ്യൂട്ടി ജില്ല പ്ലാനിംഗ് ഓഫീസറെയും കളക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
13 വിഷയങ്ങള്‍ ഉന്നയിച്ച കഴിഞ്ഞ മാസത്തെ (സെപ്തംബര്‍) വികസന സമിതി യോഗത്തില്‍ ആകെ ഒരു വകുപ്പ് മാത്രമാണ് മറുപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എംഎല്‍എമാരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും നല്ല കുട്ടികളായത്.
- Log in to post comments