എറണാകുളം അറിയിപ്പുകള്‍
നിയമസഭാ പരിസ്ഥിതി സമിതി യോഗം 28-ന്
കൊച്ചി: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) നവംബര്‍ 28-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കേരളത്തിലെ പാറ ക്വാറി, ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച സമിതി നടത്തുന്ന സ്വതന്ത്ര പഠനത്തിന്റെ ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും ജില്ലയിലെ മലയാറ്റൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതുമാണ്.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292.
നോര്‍ക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യത നിര്‍ണ്ണയവും സംരംഭകത്വ പരിശീലനവും എറണാകുളം നോര്‍ത്ത് പറവൂര്‍ വ്യാപാരഭവനില്‍
കൊച്ചി: പ്രവാസി പുനരധിവാസ പദ്ധതിയില്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയക്യാമ്പ് നവംബര്‍ 23-ന് രാവിലെ 10 -ന് എറണാകുളം നോര്‍ത്ത് പറവൂരിലുള്ള വ്യാപാരഭവനില്‍ നടക്കും. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തില്‍ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കുന്നതുമാണ്. അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും തദവസരത്തില്‍ ലഭ്യമാക്കും. സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കും.
വി.ഡി സതീശന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. രാജ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ കെ.എ.വിദ്യാനന്ദന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, സി.എം.ഡി ഡയറക്ടര്‍ ഡോ. ജി. സുരേഷ്, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ വി. മഹേഷ്‌കുമാര്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാകുന്ന ഈ പദ്ധതിയില്‍ കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ തങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും കൊണ്ടുവരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkarosto.org യില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (0471-2329738) നമ്പരിലും, നോര്‍ക്ക റൂട്ട്‌സിന്റെ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0484-2371810,2957099 നമ്പരിലും ലഭിക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഇന്ന്
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെയില്‍സ് സപ്പോര്‍ട്ട് അസിസ്റ്റന്റ്, ഡയറക്ട് സെയില്‍സ് അസോസിയേറ്റ്‌സ്, ഡവലപ്‌മെന്റ് മാനേജര്‍, പ്രോസസ് അസോസിയേറ്റ്‌സ്, ഡെലിവറി എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍, ഗ്രാജുവേറ്റ് എഞ്ചിനീയര്‍ ട്രെയിനി തുടങ്ങിയ ഒഴിവുകളിലേക്ക് ഇന്ന് (നവംബര്‍ 21) അഭിമുഖം നടത്തുന്നു.
യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബിടെക്ക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി 2018-19 ല്‍ പാസായവര്‍ക്ക്) പ്രത്യേക ഒഴിവുകള്‍. പ്രായം 18-35.
താത്പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നവംബര്‍ 21-ന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452/2427494.
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍
കുടിശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുമ്പോള്‍ ഇളവ് ലഭിക്കും
കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുമ്പോള്‍ നാല് ശതമാനം റവന്യൂ റിക്കവറി ചാര്‍ജ് ഇനത്തില്‍ ഇളവ് ലഭിക്കും. ഇതിനു പുറമെ രണ്ട് ശതമാനം രണ്ട് ശതമാനം പിഴപ്പലിശ ഇളവ് കോര്‍പറേഷനും നല്‍കുന്നു. കൂടാതെ നോട്ടീസ് ചാര്‍ജും ഈടാക്കില്ല. നവംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ക്കായി ലഭ്യമാകുന്നതിനായി ജില്ലാ/സബ് ജില്ലാ ഓഫീസുകളില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോര്‍പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോര്‍റേഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലാവകാശ ദിനം ആചരിച്ചു
കൊച്ചി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ നവംബര്‍ 20ന് മട്ടാഞ്ചേരി കോളനി നിവാസികള്‍ക്ക് ഉത്തരവാദിത്വ പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നവിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മട്ടാഞ്ചേരി എം എ എസ് എസ് എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച സെമിനാറില്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷാദ് കെ. എം. സ്വാഗതമാശംസിച്ചു. എം. എ. എസ്. എസ്. എല്‍ പി സ്‌കൂള്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ജബ്ബാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി മൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ഷമീന ടീച്ചര്‍ ബോധവല്‍ക്കരണ സെമിനാര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ. ബി. ബാലാവകാശ സന്ദേശം നല്‍കി.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷിംജ ഐ., സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ സജീന സലിം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഉത്തരവാദിത്വ പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നവിഷയത്തില്‍ ഓ. ആര്‍. സി. ട്രെയിനര്‍ ജിജി വര്‍ഗീസ് ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഓ. ആര്‍. സി. ട്രെയിനര്‍ ശരത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ ഗ്രൂപ്പ് ആക്ടിവിറ്റികള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഓ. ആര്‍. സി. സൈക്കോളജിസ്റ്റ് രചന കെ വി നന്ദി പറഞ്ഞു.
കൊച്ചി വിമാനത്താവളത്തില്‍
ശബരിമല പ്രത്യേക കൗണ്ടര്‍
കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വംബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും. ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.എം.ഷബീര്‍, സജി.കെ.ജോര്‍ജ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ജനറല്‍ മാനേജര്‍മാരായ സി.ദിനേശ് കുമാര്‍, പോള്‍ കൊച്ചേരില്‍, സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ഹിമാന്‍ഷു പാണ്ഡെ, കസ്റ്റംസ്
ജോയിന്റ് കമ്മിഷണര്‍ വസന്ത് കേശന്‍, ധന്‍ലക്ഷ്മി ബാങ്ക് റീജയണല്‍ ഹെഡ് രാമകൃഷ്ണന്‍ എസ്, ദേവസ്വം അസി.എക്‌സി.എന്‍ജിനീയര്‍ ജി.എസ്.ബൈജു, അയ്യപ്പ പ്രചാരസഭ പ്രസിഡന്റ് കെ.അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments