Skip to main content
വയോജന സൗഹൃദ

പ്രതീക്ഷയുടെ തിരിവെട്ടം തെളിഞ്ഞു,  കൊല്ലം വയോജന സൗഹൃദ ജില്ലയായി മാറുന്നു

മുതിര്‍ന്ന പൗരരുടെ ക്ഷേമവും അവകാശസംരക്ഷണവും ഇനി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകളിലൂടെ സുശക്തമാകും. ഒരു തിരിവെട്ടം എന്ന പേരില്‍  സി. കേശവന്‍ ടൗണ്‍ഹാളില്‍ നടന്ന കൂട്ടായ്മ വയോജന സൗഹൃദ ജില്ലയുടെ ആദ്യ ചുവട് വയ്പാണ് നടത്തിയത്. തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ വയോജനങ്ങളുടെ സുരക്ഷിത സമാധാന ജീവിതം ഉറപ്പാക്കുന്നതിന് നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖയാണ് പരിപാടിയിലൂടെ തയ്യാറാക്കിയത്.

വയോജനങ്ങള്‍ക്ക് സൗകര്യപ്രദമാകും വിധം പൊതു ഇടങ്ങളെ സജ്ജമാക്കുക, ഇവര്‍ അര്‍ഹിക്കുന്ന മുന്‍ഗണന ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക, ആരോഗ്യ പരിപാലത്തിനൊപ്പം  അവരുടെ കഴിവുകളും അറിവുകളും പ്രയോജനപ്പെടുത്തുക, കുടുംബങ്ങളില്‍ പരിഗണന ഉറപ്പാക്കുക, വയോജനങ്ങളുടെ ജീവിതസാഹചര്യം സംബന്ധിച്ച വിവര ശേഖരണം, പകല്‍വീടുകള്‍, വയോജനയൂണിറ്റുകള്‍ മറ്റു കൂട്ടായ്മകള്‍ എന്നിവ വ്യാപിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളും ആശയവിനിമയവും നടന്നു. വയോജനങ്ങളുടെ പരാതികള്‍ പരിശോധിക്കുന്നതിന് പത്തംഗ സമിതിക്ക് രൂപം നല്‍കി.  സമിതിയുടെ പ്രാരംഭ പരിശോധനയ്ക്ക് ശേഷമാകും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കൂടിയായ സബ് കലക്ടറുടെ മുന്നിലേക്ക് എത്തുന്ന പരാതികള്‍ തീര്‍പ്പാക്കുക. വയോജനക്ഷേമം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളും രൂപരേഖയിലുണ്ട്.

ജില്ലാതല വയോജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമായാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായി. സബ്കലക്ടര്‍ ഡോ. എസ്. ചിത്ര പദ്ധതി വിശദീകരണം നടത്തി. 

സെന്റര്‍ ഫോര്‍ ജെറന്റോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ ജേക്കബ് ജോണ്‍    കട്ടക്കയം പാനല്‍ ചര്‍ച്ച നയിച്ചു. മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച  നിയമബോധവത്കരണം എന്ന വിഷയത്തില്‍ അഡ്വ. കെ. കെ. ജയചന്ദ്രദാസ്, ആരോഗ്യ പരിപാലനത്തെക്കുറിച്ച് ഡോ. സൈജു ഹമീദ്, വിജയമാതൃകളെക്കുറിച്ച് നിത്യ, സാമൂഹിക ഇടപെടലുകളെക്കുറിച്ച് അജിത് പ്രകാശ് തുടങ്ങിയവര്‍ ക്ലാസെടുത്തു. നൂറ് വയസ്സ് പിന്നിട്ട ജോസഫ് ആന്റണി, തങ്കപ്പന്‍ പിള്ള, സരോജിനി, കമലാക്ഷി, മുതിര്‍ന്ന കര്‍ഷകരായ മോഹന്‍പിള്ള, ഗോപാലകൃഷ്ണന്‍, ശങ്കരപ്പിള്ള, സരോജിനിയമ്മ, വിശ്വനാഥപിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോര്‍പറേഷന്‍ ക്ഷേമകാര്യ  സ്റ്റാന്റിഡിംഗ് കമ്മിറ്റി അധ്യക്ഷ എസ്. ഗീതാകുമാരി, വയോജന കൗണ്‍സില്‍ അംഗങ്ങളായ എന്‍. സി. പിള്ള, രാധാകൃഷ്ണകുമാര്‍, എം. ഡി. രാജന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. സബീനബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്,   കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ മുഹമ്മദ് അന്‍സാര്‍,  തുടങ്ങിയവര്‍ പങ്കെടുത്തു. ദേവരാജന്‍ സ്മൃതിഗാഥാ മ്യൂസിക് ഫോറത്തിന്റെ ഗാനമേളയും നടന്നു. സബ്കലക്ടറുടെ കാര്യാലയവും ജില്ലാ സാമൂഹ്യനീതി വകുപ്പും കുടുംബശ്രീയും ചേര്‍ന്നാണ് ഒരു തിരി വെട്ടം സംഘടിപ്പിച്ചത്. 

 (പി.ആര്‍.കെ.നമ്പര്‍  2531/17)

date