Skip to main content

സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ക്രഷ് ഉദ്ഘാടനം ബുധനാഴ്ച്ച

കൊച്ചി: നിര്‍മാണമേഖലയിലും മറ്റ് തൊഴില്‍മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പരിപാലിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ ക്രഷ് ബുധനാഴ്ച്ച (ജനുവരി 17) വെല്ലിംഗ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തനമാരംഭിക്കും. നഗരസഭയുടെ 29-ാം ഡിവിഷനില്‍ 76-ാം നമ്പര്‍ അംഗന്‍വാടിയുടെ ഭാഗമായ ക്രഷിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ആറു മാസം മുതല്‍ മൂന്നു വയസു വരെയുള്ള കുട്ടികളുടെ പകല്‍സമയത്തെ പരിചരണമാണ് ക്രഷിന്റെ ലക്ഷ്യം. കൊച്ചി അര്‍ബന്‍ (2) ശിശു വികസന ഓഫീസിനാണ് ക്രഷിന്റെ ചുമതല. കുട്ടികളുടെ സമഗ്രവികാസം സാധ്യമാക്കുന്ന പരിചരണശൈലിയ്‌ക്കൊപ്പം പോഷകാഹാര വിതരണവും ക്രഷ് വിഭാവനം ചെയ്യുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തിക്കുന്ന ക്രഷിന്റെ നടത്തിപ്പിനായി നാല് ജീവനക്കാരെയും നിയോഗിക്കും. 25 കുട്ടികളെ ക്രഷില്‍ പ്രവേശിപ്പിക്കാനാകും.
date