Skip to main content

കുട്ടികളുടെ ആരോഗ്യം: യോഗം ചേര്‍ന്നു

ദേശീയ ആരോഗ്യദൗത്യം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെയും പരിപാടികളിലെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ബി സാബു, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വികെ മിനിമോള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, അഡീഷണല്‍ ഡിഎംഒ ഡോ.എസ് ശ്രീദേവി, പീഡിയാട്രിഷ്യന്‍ ഡോ പി എന്‍ എന്‍ പിഷാരടി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, കോര്‍പ്പറേഷന്‍ എച്ച് എസ് സുബ്രമണ്യന്‍, ബ്ലോക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡി ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളിലുണ്ടാകുന്ന അസുഖങ്ങള്‍ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ സ്‌ക്രീന്‍ ചെയ്യുന്ന കുട്ടികള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ആവശ്യമായ ചികിത്സ നല്‍കി വരുന്നുണ്ട്. കുട്ടികളില്‍ ജന്മനാലുള്ള വൈകല്യങ്ങള്‍ കണ്ടെത്തി സൗജന്യ ചികിത്സ നല്‍കുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ബിഎസ്‌കെ ഫണ്ട് പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന നാല് വിഭാഗങ്ങളില്‍ പെട്ട അസുഖങ്ങള്‍ എത്രയും നേരത്തേ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ബിഎസ്‌കെ (രാഷ്ട്രീയ ബാല്‍സ്വസ്ഥകാര്യക്രം). ജനനസമയത്തെ തകരാറുകള്‍ (Defects at birth), കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന സര്‍വ്വ സാധാരണമായ അസുഖങ്ങള്‍ (Common Childhood Diseases), ന്യൂനതകള്‍ (Deficiency), വളര്‍ച്ചാഘട്ടങ്ങള്‍ക്ക് നേരിടുന്ന കാലതാമസവും വൈകല്യങ്ങളും (Development Delays including Disabilities) എന്നിവയാണ് നാല് വിഭാഗങ്ങള്‍. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിക്ക് കീഴില്‍ സഹായം ലഭിക്കുക. ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സക്ക് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത് വിവിധ വകുപ്പുകളുടെയും എജന്‍സികളുടെയും സഹകരണത്തോടെയാണ്.
date