Post Category
ഹൈടെക് സ്‌കൂള്‍ പദ്ധതി: കൈറ്റും സ്‌കൂളുകളും തമ്മില്‍ ധാരണാപത്രം ഒപ്പിടണം
സംസ്ഥാനത്തെ 4775 സ്‌കൂളുകളിലായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷനും (കൈറ്റ്) സ്‌കൂളുകളും തമ്മില്‍ ധാരണാപത്രം ഒപ്പിടണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി.
സ്‌കൂളുകളില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുക, പരാതികള്‍ പരിഹരിക്കാനുള്ള വെബ്‌പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നില ലഭ്യമാക്കുക, ക്ലാസ്മുറികളെ നെറ്റ്‌വര്‍ക്ക് ചെയ്യുക, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക തുടങ്ങിയവ കൈറ്റിന്റെ ചുമതലയാണ്. മുഴുവന്‍ അധ്യാപകര്‍ക്കും വിഷയാധിഷ്ഠിത ഐടി പരിശീലനം, ഡിജിറ്റല്‍ വിഭവ പോര്‍ട്ടല്‍, കുട്ടികളുടെ ഐടി ക്ലബ്ബായ ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം/ലിറ്റില്‍ കൈറ്റ്‌സ് രൂപീകരണം തുടങ്ങിയ മുഴുവന്‍ ഐടി/ഐടി അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൈറ്റ് നല്‍കണം.
സ്‌കൂളുകള്‍ ഏറ്റെടുത്ത് നടത്തേണ്ട ഉത്തരവാദിത്വങ്ങള്‍ ധാരണാപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികള്‍ക്കാവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ നടത്തണം. ഓരോ ക്ലാസ് മുറികളിലും സ്ഥാപിതമാകുന്ന ലാപ്ടോപ്പ്, പ്രൊജക്ടര്‍, ശബ്ദസംവിധാനം, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉള്ളടക്കം തുടങ്ങിയവ അധ്യാപകര്‍ ക്ലാസ്‌റൂം വിനിമയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തണം. മുഴുവന്‍ അധ്യാപകര്‍ക്കും ഇതിനുള്ള പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. ഓണ്‍ലൈന്‍ സ്റ്റോക്ക് രജിസ്റ്റര്‍, പരാതി കൃത്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം, സ്‌കൂളുകളിലെ ഐടി പശ്ചാത്തല സംവിധാനങ്ങള്‍, എല്‍.പി. തലം മുതല്‍ ഹയര്‍സെക്കന്ററിവരെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് പരസ്പരം പങ്കുവെയ്ക്കാനുള്ള സംവിധാനം തുടങ്ങിയവയും സ്‌കൂളുകള്‍ ഉറപ്പാക്കണം.
സ്‌കൂളിലെ ഉപകരണങ്ങളുടെ മൊത്തത്തിലുള്ള ചുമതല പ്രഥമാധ്യാപകനും ലാബുകളുടെ ചുമതല ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും ക്ലാസ് മുറികളുടെ ഐടി ചുമതല ക്ലാസ് ടീച്ചര്‍ക്കും ആയിരിക്കും. അക്കാദമികവും ഭരണപരവുമായ കാര്യങ്ങള്‍ക്കേ ഹൈടെക് ക്ലാസ്മുറിയിലെ ഉപകരണങ്ങള്‍ ഉപയോഗിക്കാവൂ. ലാബിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കണം. അധ്യാപകരുടെ അറിവോടെയോ സാന്നിധ്യത്തിലോ ആയിരിക്കണം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റുപയോഗിക്കുന്നത്. പ്രൊപ്രൈറ്ററി/പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ പാടില്ല.
'സമഗ്ര' ഡിജിറ്റല്‍ വിഭവ പോര്‍ട്ടലിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം പ്രാദേശികമായി വിഭവ നിര്‍മ്മാണത്തിനും സമാഹരണത്തിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കൃത്യമായ ഓഡിറ്റിംഗ് നടത്തും. സ്‌കൂളിലും ക്ലാസ്മുറികളിലും ഫലപ്രദമായി ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത പക്ഷം അത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചെടുക്കാം. സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ ഉള്‍പ്പെടെ വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ അവയുടെ പൂര്‍ണ കൃത്യത പരിശോധിച്ച് ഉറപ്പാക്കി വേണം സ്‌കൂളുകള്‍ നല്‍കേണ്ടത്. സ്‌കൂളിനേയും കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും ആവശ്യമായ നടപടികളും സ്‌കൂളുകള്‍ സ്വീകരിക്കണം.
ജനുവരി 22 മുതല്‍ എല്ലാ ജില്ലകളിലും ഹൈടെക് പദ്ധതിയുടെ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളുകള്‍ ധാരണാപത്രത്തില്‍ ഒപ്പിടണം. ഇതിനുള്ള സംവിധാനം കൈറ്റിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ധാരണാപത്രം അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് www.kite.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.186/18
date
- Log in to post comments