Skip to main content

ട്രാന്‍സ്‌ജെന്റേഴ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ട്രാന്‍സ്‌ജെന്റര്‍മാരോടുള്ള വിവേചനം അപരിഷ്‌കൃതം: കെ.വി സുമേഷ് ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളെ സമൂഹത്തിന്റെ പൊതുധാരയിലെത്തിക്കുകയും സമൂഹത്തിന് അവരോടുള്ള തെറ്റായ മനോഭാവം മാറ്റിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്റേഴ്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി. പാട്ടും നൃത്തവും ഫാഷന്‍ ഷോയും വിവിധ കലാ മല്‍സരങ്ങളുമടക്കം ആഘോഷപൂര്‍വം നടന്ന പരിപാടിയില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള ട്രാന്‍സ് ജെന്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു. വെറുമൊരു ഫെസ്റ്റ് എന്നതിലപ്പുറം ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാര്‍ക്ക് അവരുടെ ആത്മാവിഷ്‌ക്കാരത്തിനുള്ള അവസരം എന്ന നിലയില്‍ക്കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. തങ്ങളോട് സമൂഹം കാണിക്കുന്ന അവഗണനയ്ക്കും ശത്രുതാപരമായ നിലപാടുകള്‍ക്കുമെതിരായ പ്രതിരോധം കൂടിയാണ് അവരുടെ കലാപരിപാടികള്‍. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്ക് മനുഷ്യജീവിയെന്ന പരിഗണന പോലും നല്‍കാതിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യം പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. അവരോടുള്ള വിവേചനപരമായ പെരുമാറ്റം ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, കെ ശോഭ, അജിത്ത് മാട്ടൂല്‍, പി ഗൗരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി കലാമല്‍സരങ്ങള്‍, നാടോടി നൃത്തം, സിനിമാഗാനം, സിനിമാറ്റിക് ഡാന്‍സ്, മലയാള മങ്ക ഫാഷന്‍ ഷോ, സാരിയുടുക്കല്‍ മല്‍സരം തുടങ്ങിയവ നടന്നു. ട്രാന്‍സ്‌ജെന്റര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സെമിനാറില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പ്രബിത് ക്ലാസ്സെടുത്തു. പി.എന്‍.സി/200/2018
date