Skip to main content
പൈനാവ് ഏകലവ്യ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  എന്‍ ഐ ടി  കോഴിക്കോടിന്റെ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ  തത്വയുടെ ഭാഗമായ ആവിഷ്‌കാര്‍ ടീം നേതൃത്വം നല്‍കിയ ദ്വിദിന ക്യാമ്പില്‍ നിന്ന്

സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ആവിഷ്‌കാര്‍

 പൈനാവ് ഏകലവ്യ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  അറിവിന്റെയും വിനോദത്തിന്റെയും പുത്തനനുഭവമായി ആവിഷ്‌കാര്‍ ടീം നേതൃത്വം നല്‍കിയ ദ്വിദിന ക്യാമ്പ് . എന്‍ ഐ ടി  കോഴിക്കോടിന്റെ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ  തത്വയുടെ ഭാഗമായി നടത്തുന്ന  സാമൂഹ്യ നവീകരണ പരിപാടിയാണ് ആവിഷ്‌കാര്‍. ഡ്രോണുകള്‍ എങ്ങനെയാണ് പറക്കുന്നത് എന്നതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍  കുഞ്ഞിക്കണ്ണുകളിലെല്ലാം അത്ഭുതമായിരുന്നു. സിലബസില്‍ പഠിക്കുന്ന പരീക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍,  മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവയും പഠനം എങ്ങനെ രസകരമാക്കാം എന്നത് സംബന്ധിച്ച് കുട്ടികളുമായി വോളണ്ടിയേഴ്‌സിന്റെ ആശയ വിനിമയവും നടന്നു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ക്യാമ്പംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. പുത്തനറിവുകള്‍ക്കൊപ്പം കളിയും ചിരിയും ചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നവ്യാനുഭവമായി ആവിഷ്‌കാര്‍ മാറി.
സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നാം തവണയാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ക്യാമ്പ് കോ.ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റമീസ് , അബ്ദുള്‍ ബസിത് എന്നിവര്‍ പറഞ്ഞു.

 

date