വാത്സല്യനിധി പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഇന്ന് (7) മന്ത്രി കെ.രാജു നിര്‍വഹിക്കും
പട്ടികജാതി വികസനവകുപ്പ,് എല്‍.ഐ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി വാത്സല്യനിധി എന്ന പേരില്‍ ആരംഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (7) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷൈനി ബോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, സംസ്ഥാന ഉപദേശക സമിതി അംഗം പി.കെ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടികജാതി വിഭാഗത്തില്‍പെട്ട മാതാപിതാക്കള്‍ക്ക് ഒരുലക്ഷം രൂപവരെ വരുമാനപരിധിക്കകത്തുള്ള പെണ്‍കുട്ടികള്‍ക്കു വാത്സല്യ നിധി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പെണ്‍കുട്ടി ജനിച്ച് ഒന്‍പത് മാസത്തിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 18 വയസാകുമ്പോള്‍ മൂന്നു ലക്ഷം രൂപ കുട്ടിക്ക് നല്‍കാനാണു പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുട്ടിക്ക് 1,38,000 രൂപ നാല് ഇന്‍സ്റ്റാള്‍മെന്റുകളായി സര്‍ക്കാര്‍ നിക്ഷേപിക്കും. പത്തനംതിട്ട ജില്ലയില്‍ നിന്ന് അംഗങ്ങളാക്കിയിട്ടുള്ള 320 പെണ്‍കുട്ടികളുടെ പോളിസി സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
- Log in to post comments