Skip to main content

നിക്ഷേപം എങ്ങനെ പ്രോത്സാഹിക്കാം; തദ്ദേശ സ്വയംഭരണ  മേധാവികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

പാലങ്ങളും റോഡുകളും മാത്രമല്ല വികസനമെന്നും ജനങ്ങളുടെ കയ്യില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഉണ്ടാകുമ്പോഴാണു വികസനം സാധ്യമാകുന്നതെന്നും മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. തിരുവല്ല ഹോട്ടല്‍ തിലകില്‍ ജില്ലാ വ്യവസായ കേന്ദ്രം തദ്ദേശസ്ഥാപന മേധാവികള്‍ക്കായി സംഘടിപ്പിച്ച നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട്-2018 എന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറുതും വലുതുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. 2016ന് ശേഷം സംരംഭകര്‍ക്ക് അനുകൂലമായ അവസ്ഥയാണു സംസ്ഥാനത്തുള്ളത്. സംരംഭം തുടങ്ങുവാന്‍ ആവശ്യമായ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഓണ്‍ലൈന്‍ വഴി നടത്തുവാന്‍ സാധിക്കുന്നു. ഇതുപോലെ സംരംഭകര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകേണ്ടതു നാടിന്റെ സമ്പത്ത്  വ്യവസ്ഥയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജനകീയ പങ്കാളിത്തത്തോടു കൂടി സംരംഭകത്വ മേഖല പരിപോഷിപ്പിക്കുവാനും അതു വഴി കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുവാനുമാണ് ആക്ട് 2018 ലൂടെ ലക്ഷ്യമിടുന്നത്.  തിരുവല്ല നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍,  കേരള സ്‌മോള്‍ സ്‌കേല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. റി.പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.സോമന്‍, എന്‍ഐസി കെസിഫ്റ്റ് വിദഗ്ധരായ ഷൈജു, ലാവണ്യ എന്നിവര്‍ ശില്പശാല നയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

 

date