വയനാടിന്റെ പ്രത്യേക കാര്‍ഷിക മേഖല മാര്‍ച്ചില്‍ നിലവില്‍ വരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍
പുഷ്പകൃഷി, സുഗന്ധ നെല്‍വിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വയനാട് പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നുമുതല്‍ 18 വരെ നടന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ ഫല സസ്യ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഷ്പ കൃഷി വികസനത്തിനായി ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കാര്‍ഷിക മേഖലയ്ക്കായി മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയെ പുഷ്പകൃഷിയുടെയും സുഗന്ധ നെല്‍വിത്ത് ഇനങ്ങളുടെയും മാതൃകാ കേന്ദ്രമായി മാറണം. ജില്ലയ്ക്കാവശ്യമായ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കേന്ദ്രത്തെ പ്രാപ്തമാക്കും. മാര്‍ച്ച് 31 ന് മുമ്പായി എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷകരുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്യം നിന്നുപോയ ചെറുധാന്യ കൃഷി തിരികെക്കൊണ്ടുവരും. മാര്‍ച്ച് മാസത്തില്‍ അമ്പലവയലില്‍ വച്ച് ഒരു അന്താരാഷ്ട്ര ഓര്‍ക്കിഡ് കൃഷി ശില്‍പ്പശാല സംഘടിപ്പിക്കും. പൂപ്പൊലി സ്ഥിരം സംവിധാനമാക്കും. അതായത് എല്ലാ വര്‍ഷവും ജനുവരി ഒന്നുമുതല്‍ 18 വരെ പൂപ്പൊലി അമ്പലവയലില്‍ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂപ്പൊലി സ്മരണികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പൂപ്പൊലിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള സമ്മാനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു. കെ.എ.യു ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കറപ്പന്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനവിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഗീതാരാജു, എം.യു.ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments