Skip to main content

ജില്ലയില്‍ 78 തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ രൂപീകരണം പൂര്‍ത്തിയായി.

 ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതില്‍ ഇടപെടുന്ന ഹരിത കര്‍മ്മ സേനയുടെ രൂപീകരണം 78 ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. കുടുംബശ്രിയുടെ നേത്യത്വത്തിലാണ് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നപ്രവര്‍ത്തനം നടന്നുവരികയാണ്. പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്ന് രണ്ടോ മൂന്നോ പേരെയാണ് ഹരിത സേനയില്‍ പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കുന്നത്.  മുഴുവന്‍ പഞ്ചായത്തുകളിലും പരിശീലനം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌കരണവും ഹരിത നിയമാവലി പാലിച്ചുകൊണ്ടുള്ള ജനങ്ങളുടെ ജീവിത രീതിയും കൂടുതല്‍ മികച്ചതാകുമെന്നാണ് കരുതുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും കമ്പോസ്റ്റ് നിര്‍മ്മാണം മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെ നിര്‍മ്മിക്കുകയും നന്നാക്കി കൊടുക്കുകയും ചെയ്യുക, വീട്ടുകാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക എന്നി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ഗ്രീന്‍ ടെക്‌നിഷ്യമാരായി ഇവരെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഹരിത കര്‍മ്മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വേല്‍തിരിക്കുന്ന മെറ്റീരിയില്‍ കലക്ഷന്‍ സെന്ററുകള്‍ പല പഞ്ചായത്തുകളിലും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്.  24 പഞ്ചായത്തുകളി ലാണ് ഇവയുടെ നിര്‍മ്മാണം നടത്തികൊണ്ടിരിക്കുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി യിലും കരുളായി പഞ്ചായത്തിലും കലക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.. ഇവിടെ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കളില്‍ പുനരുപ യോഗിക്കാവുന്നവ ഒഴികെയുള്ള  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്ലോക്ക് റിസോഴ്‌സ് റിക്കവറി സെന്ററുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ബ്ലോക്ക് തലത്തിലുള്ള റിസോഴ്‌സ് റിക്കവറി സെന്ററില്‍ എത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിംഗ് മെഷിന്‍ ഉപയോഗിച്ച് പൊടിച്ച റോഡ് ടാറിംഗിനു വേണ്ടി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം സെന്ററുകളുടെ നിര്‍മ്മാണവും ബ്ലോക്കുകളില്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നുവരുന്നു. പെരിന്തല്‍മണ്ണ നഗരസഭ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം വിജയകരമായി നടത്തി വരുന്നുണ്ട്. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്ററാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേത്യത്വം നല്‍കുന്നത്.

date