റോട്ടാവൈറസ് വാക്സിനേഷൻ : ഡിസംബർ 11 മുതൽ
നവജാത ശിശുക്കളിലും കുട്ടികളിലും വയറിളക്കത്തിന് പ്രധാന കാരണമാകുന്ന റോട്ടവൈറസിനെതിരായ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 11ന് നടക്കും. ജില്ലാ ജനറൽ ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ മേയർ അജിത വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. അന്നേദിവസം ജില്ലയിലെമ്പാടും വാക്സിൻ നൽകൽ പ്രവർത്തനങ്ങൾ ആരംഭിക്കും.
കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ച്ചകളിലായി 3 തവണയാണ് തുള്ളിമരുന്നായി വാക്സിനേഷൻ നൽകുക. 1 വയസ് വരെയുള്ള കുട്ടികൾക്ക് റോട്ടാവൈറസ് വാക്സിനേഷൻ നൽകാം.
കുട്ടികളിൽ തീവ്രമായ വയറിളക്കത്തിനും തുടർന്നുള്ള നിർജലീകരണത്തിനും പ്രധാന കാരണമാണ് റോട്ടാവൈറസ് ബാധ. 2 എം.എൽ. അളവിൽ വായിലൂടെയാണ് വാക്സിൻ തുള്ളി മരുന്നായി നൽകുക.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സബ്ബ്സെന്ററുകൾ എന്നിവ വഴി ജില്ലയിൽ ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ നടത്താനാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തിൽ ഈ വാക്സിനേഷൻ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ച് കഴിഞ്ഞു.
തദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹായത്തോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ജില്ലയിൽ താഴെ തട്ടിൽ എത്തിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ജില്ലയിലെ പട്ടികവർഗക്കാർ താമസിക്കുന്ന മേഖലകൾ, പട്ടികജാതി കോളനികൾ, തീരദേശ മേഖല എന്നിവിടങ്ങളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ മറ്റ് വകുപ്പുകളുടെ സഹായത്തോടെ ഒരുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ജയിലുകൾ, സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കളക്ടർ നിർദേശം നൽകി. തികച്ചും സൗജന്യമായാണ് മരുന്ന് നൽകുക. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments