Skip to main content
ലീഗല്‍ ഗാര്‍ഡിയന്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള  ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് അദാലത്ത് ജില്ലയില്‍ പൂര്‍ത്തിയായി

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ള അറുനൂറോളം അപേക്ഷകള്‍ തീര്‍പ്പാക്കി

കാക്കനാട്: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ മുന്നൂറോളം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 800 ഓളം അപേക്ഷകള്‍ കെട്ടിക്കിടന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ലീഗല്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ മാസം നടത്തിയ അദാലത്തില്‍ മുന്നൂറോളം അപേക്ഷകള്‍ തീര്‍പ്പാക്കിയിരുന്നു. ഇതോടെ രണ്ടു ഘട്ടങ്ങളിലായി നടത്തിയ അദാലത്തില്‍ ആകെ അറുനൂറോളം അപേക്ഷകള്‍ തീര്‍പ്പാക്കി. സാധാരണ ആറു മുതല്‍ എട്ടുവരെ മാസങ്ങള്‍കൊണ്ട് തീര്‍പ്പാക്കുന്ന നടപടി ക്രമമാണ് ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായും ജില്ലയില്‍ രണ്ടാം തവണയുമാണ് ഇത്തരത്തിലുള്ള അദാലത്ത് സംഘടിപ്പിക്കുന്നത്. 

1999 ലെ നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമാണ് ലീഗല്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മേല്‍ പ്രായമുള്ളവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്. ജില്ലാ കളക്ടര്‍ വഴിയാണ് ഓരോ ജില്ലയിലും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക. മാനസിക വെല്ലുവിളി നേരിടുന്നവരുടെ നിയമപരവും സാമ്പത്തികപരവുമായ എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടത്.

ഇതിനായി സ്വന്തം മാതാപിതാക്കളെയോ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ തയാറുള്ള മറ്റേതൊരു വ്യക്തിയെയോ കളക്ടര്‍ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. ഇതിനായി ലഭിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ച് തീര്‍പ്പു കല്‍പ്പിച്ചത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പേരിലുള്ള വസ്തുക്കളുടെ കൈമാറ്റം, സ്വത്ത് കൈമാറ്റം തുടങ്ങിവയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത്തരക്കാരായ കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുകയാണ് ആക്ടിന്റെ ഭാഗമായി ചെയ്യുന്നത്. ഇത്തരക്കാരായവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഭിക്കുന്ന അപേക്ഷകരുടെ വീടുകള്‍ പരിശോധിച്ച് സ്ഥിതിഗതികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷമാണ് അപേക്ഷകള്‍ പരിഗണിക്കുക. 

ജില്ല കളക്ടര്‍ ചെയര്‍മാനും ഡിഎംഒ, പോലീസ് സൂപ്രണ്ട്, സാമൂഹ്യക്ഷേമ ഓഫീസര്‍, മുതിര്‍ന്ന അഭിഭാഷകന്‍ എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയാണുള്ളത്. കണ്‍വീനര്‍ പി.ആര്‍. മഹാദേവന്‍, കെല്‍സ സെക്രട്ടറി മോഹിത്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date