Skip to main content

സഫലം പുല്‍പ്പള്ളി  241 പുതിയ പരാതികള്‍

 

                ജില്ലയുടെ പരാതി പരിഹാരത്തിന് പുതിയ പ്രതീക്ഷയാകുന്ന ജില്ലാ കളക്ടറുടെ പ്രത്യേക പരാതി പരിഹാര അദാലത്ത് 'സഫലം' പുല്‍പ്പള്ളിയില്‍  നടന്നപ്പോള്‍  നൂറുകണക്കിന് അപേക്ഷകര്‍ക്കാണ് ആശ്വാസമായത്.  എസ്.എന്‍ ബാലവിഹാര്‍  ഹാളില്‍ നടന്ന ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നാലാമത് പരാതി പരിഹാര അദാലത്തിലും റവന്യൂ സംബന്ധമായതും അല്ലാത്തതുമായ നിരവധി  പരാതികളാണ് ജില്ലാ കളക്ടറുടെ മുന്നിലെത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി,പാടിച്ചിറ,ഇരുളം,നടവയല്‍,പൂതാടി എന്നീ അഞ്ച് വില്ലേജുകള്‍ക്കാണ് ശനിയാഴ്ച അദാലത്ത് സംഘടിപ്പിച്ചത് . രാവിലെ 10 മുതല്‍ തുടങ്ങിയ അദാലത്തിലേക്ക് 186 പരാതികളാണ് ഈ വില്ലേജുകളില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ജില്ലാ കളക്ടറുടെ തലത്തില്‍ പരിഹരിക്കാന്‍ സാധിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് വില്ലേജ് കൗണ്ടര്‍ വഴി അപേക്ഷകരെ അറിയിക്കാനുള്ള സംവിധാനവും അദാലത്തില്‍ ഒരുക്കിയിരുന്നു. കൂടാതെ അദാലത്തില്‍ തന്നെ പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും പരാതിക്കാര്‍ക്ക് കളക്ടറെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാനും ഓരോ വില്ലേജിനും പ്രതേ്യക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. 241 പുതിയ അപേക്ഷകളാണ് ഇത് പ്രകാരം പുതിയതായി ജില്ലാ കളക്ടറുടെ  മുന്നില്‍ പരിഹാരം തേടിയെത്തിയത്. 22 അപേക്ഷകള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കി.   നേരിട്ടു ലഭിച്ച  അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
    റവന്യൂ സംബന്ധമായി 90 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടി 36 അപേക്ഷകളും റേഷന്‍ കാര്‍ഡിനായി 10 അപേക്ഷകളും ലഭിച്ചു. ബാക്കിയുളളവ മറ്റ് വിവിധ ആവശ്യങ്ങള്‍ക്കാണ്. എ.ഡി.എം. കെ.എം രാജു, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍, തഹസില്‍ദാര്‍ എം.ജെ സണ്ണി, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു.
 

date