വയനാടിന് പ്രത്യേക പരിഗണന ആവശ്യം -എം.ഐ.ഷാനവാസ് എം.പി.
പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വയനാടിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ടെന്ന് എം.ഐ.ഷാനവാസ് എം.പി.പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കിയ ജില്ലാ പദ്ധതി രേഖയുടെ കരട് ചര്‍ച്ചകള്‍ക്കായി വിളിച്ചുചേര്‍ത്ത വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
കാര്‍ഷിക രംഗത്തിന്റെ പുനരുദ്ധാരണം, കാലാവസ്ഥാമാറ്റങ്ങളുടെ ആഘാതം കുറയ്ക്കല്‍, എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണം, വന്യമൃഗങ്ങളുടെ അക്രമം മൂലം മനുഷ്യനും കൃഷിയും നേരിടുന്ന വെല്ലുവിളികളെ മറികടക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രാധാന്യത്തോടെ പദ്ധതി രേഖയില്‍ പരിഗണിക്കണമെന്ന് എം.ഐ. ഷാനവാസ് പറഞ്ഞു. കര്‍ഷക മേഖലയുടെ നിലനില്‍പ്പ് മുന്നില്‍ കണ്ട് ഭീഷണി ഒഴിവാക്കി കര്‍ഷകരെ സഹായിക്കുന്ന നിലപാടിലേക്ക് നമ്മുടെ ബാങ്കുകള്‍ മാറേണ്ടത് അത്യാവശ്യമാണ്. തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനിനായി കേരള സര്‍ക്കാര്‍ സഹായകമായ നിലപാട് സ്വീകരിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗം ബത്തേരിയിലേക്ക് കൂടി എത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ജില്ലയ്ക്കുണ്ടാകും. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാക്കേണ്ടതുണ്ടെന്നും എം.പി.ചൂണ്ടിക്കാട്ടി. രാത്രികാല ഗതാഗത നിരോധനത്തിനെതിരെ സര്‍ക്കാരും എല്ലാ ജനപ്രതിനിധികളും സക്രീയമായി ഇടപെടുന്നുണ്ട്. വിനോദസഞ്ചാരമേഖല ജില്ലയ്ക്ക് ഏറ്റവും വരുമാന സാധ്യത നല്‍കുന്നതാണെന്നും എം.പി.ചൂണ്ടിക്കാട്ടി. വലിയ കോണ്‍ക്രീറ്റ് സൗധങ്ങളിലേക്ക് വയനാടിന്റെ വികസനത്തെ കൊണ്ടുപോകുന്നത് തടയിടേണ്ടതാണെന്നും അദ്ദേഹം സെമിനാറില്‍ ചൂണ്ടിക്കാട്ടി. വയനാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്ന് ഒ.ആര്‍.കേളു എം.എല്‍.എ പറഞ്ഞു. ആദിവാസി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുകയും ടൂറിസത്തിന് പ്രാധാന്യം നല്‍കുകയും വേണം. വയനാടിനെ ജൈവകൃഷി ജില്ലയായി പ്രഖ്യാപിക്കാനുള്ള സാധ്യത കൂടി പരിഗണിക്കണമെന്ന് ഒ.ആര്‍.കേളു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നീര്‍ത്തടാധിഷ്ടിത പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. 28 വിഷയ സമിതി ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്താണ് ജില്ലാ പദ്ധതി രേഖയുടെ കരട് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളായി 12 ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികളോടെ പദ്ധതി രേഖയ്ക്ക് അന്തിമരൂപം നല്‍കി. വരുന്ന അഞ്ചു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ജില്ലാ പദ്ധതിരേഖയുമായി യോജിച്ചുപോകുന്നതാവണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഉഷാകുമാരി പറഞ്ഞു.
സെമിനാറില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.പ്രേമരാജ്,ജില്ലാ ടൗണ്‍ പ്ലാനര്‍ സത്യബാബു,പ്രൊഫ. കെബാലഗോപാലന്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തണം
കരട് പദ്ധതി രേഖ
ജില്ലയിലെ ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്ക് പ്രയോജനം കിട്ടത്തക്കവിധം ഉത്തരവാദിത്ത ടൂറിസത്തിലൂടെ മുന്നേറാന്‍ അവസരം ഉണ്ടാക്കണമെന്ന് ജില്ലാ പദ്ധതി കരടുരേഖ പറയുന്നു. കരടുരേഖയുടെ മറ്റ് വിശദാംശങ്ങള്‍ ചുവടെ.
ജില്ലയില്‍ ഉത്തരവാദിത്വ ടൂറിസം, സാഹസിക ടൂറിസം, ഇക്കോ-ടൂറിസം, കാര്‍ഷിക അനുബന്ധ ടൂറിസം, ഒഴിവുകാല ടൂറിസം എന്നിവയിലൂടെ മേഖലയുടെ സുസ്ഥിര വികസനം പദ്ധതി രേഖ ലക്ഷ്യമിടുന്നു.
തൊഴില്‍, വരുമാനം എന്നിവ കൃത്യമായി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ജില്ലയുടെ സംസ്‌കാരവും, പാരമ്പര്യവും പരിസ്ഥിതിയും സംരക്ഷിച്ച് നിലനിര്‍ത്തി മെച്ചപ്പെട്ട സാമൂഹിക ജീവിതം ഉറപ്പാക്കുന്ന വിധം പദ്ധതികള്‍ ആവിഷ്‌കരിക്കുക .
അടിസ്ഥാന മേഖലയിലെ റോഡുകളുടെ വിപുലീകരണം. റെയില്‍വെ ജലഗതാഗതം ബദല്‍റോഡുകള്‍ വ്യോമ ഗതാഗതം എന്നീ മേഖലകളില്‍ അതീവ പ്രാധാന്യം നല്‍കുക.
ലാഭകരവും കാര്യക്ഷമവുമായ സംയോജിത കന്നുകാലി വളര്‍ത്തലിലൂടെയുള്ള ക്ഷീര, ക്ഷീരോല്‍പ്പന്നങ്ങളുടെ വിപണി സുസ്ഥിരമാക്കുക. കാലാവസ്ഥ, ഭൂപ്രകൃതി മനുഷ്യ വിഭവങ്ങള്‍ എന്നിവയുടെ അനുകൂല സാഹചര്യം ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുക.
ആരോഗ്യ മേഖലയുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ പദ്ധതി രേഖ വ്യക്തമാക്കുന്നു. ജലജന്യ, പകര്‍ച്ചവ്യാധി രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം, പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തത. ഗോത്ര വര്‍ഗ്ഗക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, അരിവാള്‍ രോഗം തുടങ്ങിയ രോഗികളുടെ പുനരധിവാസം, സംരക്ഷണം.
ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ കൃഷി വ്യാപകമാക്കുക.കാരാപ്പുഴ, ബാണാസുരസാഗര്‍ ജലസംഭരണി കൂടുതല്‍ മത്സ്യ കൃഷിക്കായി പ്രയോജനപ്പെടുത്തുക.
അഗതി മന്ദിരങ്ങള്‍ അഗതികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനക്ഷമമാക്കുക. അംഗപരിമിതര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക.
സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമാകുന്ന വിധത്തില്‍ ചെറുകിട, സംഘടിത, വ്യവസായ, സ്വയംതൊഴില്‍, പ്രൊഫഷണല്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുക. ഭൂരഹിത, ഭവനരഹിതര്‍ക്ക് പുനരധിവാസവും പുതിയ വീട് നിര്‍മ്മാണവും സാധ്യമാക്കുക. മാരകരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കുക.
പഞ്ചായത്തുകള്‍ തോറും കളിസ്ഥലം, ആംഫി തിയേറ്റര്‍ എന്നിവ സാധ്യമാക്കുക. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് സാധ്യമാക്കുക. ഇ-വായന, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പരിശീലനം എന്നിവ പ്രോല്‍സാഹിപ്പിക്കുക.
കാര്‍ഷികാധിഷ്ഠിത പരമ്പരാഗത വ്യവസായങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യമിടുന്നു.
വ്യവസായ വികസന പാര്‍ക്ക് സാധ്യമാക്കുക.
നീര്‍ത്തടാധിഷ്ഠിത വികസനം,സുസ്ഥിര നെല്‍കൃഷി വികസനം, സുഗന്ധ നെല്ല് ബ്രാന്റ് ചെയ്യുക. കാപ്പി ബ്രാന്റ് ചെയ്യുക. വിഷരഹിത പച്ചക്കറി സ്വയംപര്യാപ്തത. പുഷ്പകൃഷി വികസനം തുടങ്ങിയവ കൃഷി മേഖലയില്‍ വിഭാവനം ചെയ്യുന്നു.
വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് പ്രതേ്യക ഊന്നല്‍ നല്‍കി ജലസേചന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കരട് രേഖ വ്യക്തമാക്കുന്നു.
- Log in to post comments