Skip to main content

കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി

കരകൗശല വികസന കോർപ്പറേഷന്റെ വിപണന യൂണിറ്റായ കൈരളിയുടെ ആഭിമുഖ്യത്തിൽ കരകൗശല കൈത്തറി വിപണന മേള തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജിന്റെ സാന്നിദ്ധ്യത്തിൽ കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ നിർവഹിച്ചു. രാവിലെ 10 മുതൽ രാത്രി എട്ടുവരെ നടക്കുന്ന പ്രദർശനം 22ന് സമാപിക്കും.
കരകൗശല ഉത്പന്നങ്ങളായ ഈട്ടിത്തടിയിലെ ആന, ഈട്ടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധ തരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതനകാലം മുതലുള്ള നെട്ടൂർ പെട്ടി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറൻമുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങൾ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളായ ബെഡ്ഷീറ്റ്, ചുരിദാർ മെറ്റീരിയൽ, സാരി, സ്റ്റോൺ ജൂവലറി ഉൽപ്പന്നങ്ങൾ, പെയിന്റിംഗ്‌സ്, സിൽക്ക് ഷാൾ, ഖാദി ഷർട്ട്, കുർത്ത എന്നിവയും വിപണനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരുമിച്ച് കാണാനും സ്വന്തമാക്കാനുമുള്ള ഒരവസരം കൂടിയാണ് മേള സൃഷ്ടിക്കുന്നത്. വിവിധ തരത്തിലുള്ള സുഗന്ധവ്യജ്ഞന ഉത്പന്നങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നു.
പി.എൻ.എക്‌സ്.4541/19

date