Skip to main content

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് 27 ന്

 

 

 

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും. കേരളത്തിലെ ക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുക്കും. കുമരനല്ലൂര്‍, കീഴരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

 

 

 

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം 

 

 

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 1999 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്‍മാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വിമുക്ത ഭടന്‍മാര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

 

 

കുന്ദമംഗലം കോടതി റോഡ് ഉദ്ഘാടനം ചെയ്തു

 

കുന്ദമംഗലം കോടതി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷ സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. 4.10 ലക്ഷം രൂപ ചെലവിലാണ് റോഡ് പൂര്‍ത്തീകരിച്ചത്. 

 

വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായ റോഡ് ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണ്. കുന്ദമംഗലം കോടതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കും മൃഗാശുപത്രിയിലേക്കുമുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും വളരെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. 

 

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ നിസാം, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയന്‍ ഡൊമിനിക്, സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ശ്രീജിത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.മുസ്തഫ, കോടതി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

നാരിശക്തി പുരസ്‌കാരം:  അപേക്ഷ ക്ഷണിച്ചു

 

വനിതാ ശാക്തീകരണ മേഖലയില്‍ മികവ് തെളിയിച്ച വനിതകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നാരിശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. www.narishaktipuruskar.wcd.gov.in  എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ ജനുവരി ഏഴിനകം സമര്‍പ്പിക്കണം.

 

 

ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച 3 ന്

 

പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേള, നിലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചീറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്), വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വി.ആര്‍ പുരം, നടത്തറ, എടത്തിരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, മായന്നൂര്‍ (തൃശ്ശൂര്‍) എന്നീ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഒഴിവിലേക്ക് എലത്തൂര്‍ ഗവ.ഐ.ടി.ഐ യില്‍ 2020 ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി എം.ബി.എ/ബി.ബി.എ,  അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പരിചയത്തോട് കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്കണോമിക്സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ഡിഗ്രി/ഡിപ്ലോമയും, ഐ.ടി.ഐ കളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധമാണ്. വേതനം 24,000 രൂപ.

താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തുക. ഫോണ്‍ 0495 2461898.

 

 

ആക്ഷേപം സമര്‍പ്പിക്കാം 

 

 

തീരദേശ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുളള നിര്‍മ്മാണങ്ങളുടെ ലിസ്റ്റ് കോഴിക്കോട് ജില്ലയ്ക്കായി രൂപീകൃതമായ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റി തയ്യാറാക്കി ജില്ലാ കലക്ടറുടെ വെബ്സൈറ്റില്‍ (https://kozhikode.nic.in) പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ടിന്‍ മേലുളള ആക്ഷേപങ്ങള്‍ നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ ജില്ലാ കലക്ടര്‍ക്കുവേണ്ടി ജില്ലാ  ടൗണ്‍പ്ലാനര്‍, ഫോര്‍ത്ത് ഫോര്‍, കെ.യി.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, ചക്കോരത്തുകുളം, കോഴിക്കോട് എന്ന വിലാസത്തിലോ crztpkkd@gmail.com എന്ന ഇ മെയിലിലോ ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.

 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

 

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 28 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ സപ്പോര്‍ട്ട് (യോഗ്യത: ബി.ടെക് / ബി.സി.എ/ബി.എസ്.സി) ലൊക്കേഷന്‍: മാംഗ്ലൂര്‍, സെയില്‍സ് മാനേജര്‍ (യോഗ്യത : ബിരുദം/എം.ബി.എ), സെയില്‍സ് മാനേജര്‍ (യോഗ്യത: പത്താം തരം, രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം) സോഫ്റ്റ് വെയര്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് (യോഗ്യത: ബി.കോം/ബി.ടെക്/ഡിപ്ലോമ) സോഫ്റ്റ് വെയര്‍ ടെക്നിക്കല്‍ സ്റ്റാഫ് (യോഗ്യത: ബി.കോം/ബി.ടെക്/ഡിപ്ലോമ), ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സ്റ്റോര്‍ ഹെഡ്, അസിസ്റ്റന്റ് സ്റ്റോര്‍ ഹെഡ്, സീനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് അക്കൗണ്ടന്റ് ( യോഗ്യത: ബി.കോം, ടാലി, മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം), സീനിയര്‍ സെയില്‍സ് മാന്‍  (യോഗ്യത : പ്ലസ് ടു, ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഡിസംബര്‍ 28  ന് രാവിലെ 10.30ന്  സെന്ററില്‍ എത്തണം.  കുടുതല്‍ വിവരങ്ങള്‍ക്ക്: 0495  2370176.  

 

 

ഭൂമി ലേലം

 

 

താമരശ്ശേരി താലൂക്കില്‍ ഉണ്ണികുളം വില്ലേജില്‍ പുനൂര്‍ ദേശത്ത് റി.സ. 116/2എ  യില്‍പ്പെട്ട അഞ്ച് സെന്റ് ഭൂമിയുടെ ലേലം 2020 ജനുവരി 25  ന് രാവിലെ 11 മണിക്ക് ഉണ്ണികുളം വില്ലേജ് ഓഫീസില്‍ നടക്കും.

 

 

ഭൂമി ലേലം

 

 

താമരശ്ശേരി താലൂക്കില്‍ കെടവൂര്‍ വില്ലേജില്‍ പളളിപ്പുറം ദേശത്ത് റി.സ. 6 ല്‍പ്പെട്ട 4.77 സെന്റ് ഭൂമിയുടെ ലേലം 2020 ജനുവരി 28  ന് രാവിലെ 11 മണിക്ക് കെടവൂര്‍ വില്ലേജ് ഓഫീസില്‍ നടക്കും.

 

 

 

യോഗ പരിശീലനം

 

 

ജില്ല ആയൂര്‍വ്വേദ ആശുപത്രിയില്‍ യോഗ പ്രകൃതി ചികിത്സ യൂനിറ്റിന്റെ നേതൃത്വത്തില്‍ 50 വയസിന് മുകളില്‍ പ്രായമായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി യോഗ ക്യാമ്പ് ജനുവരി 10 ന് ആരംഭിക്കും. പത്ത് ദിവസം ദൈര്‍ഘ്യമുളള ക്യാമ്പ് രാവിലെ 10.30 മുതല്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8075258044.

date