Skip to main content

തലയാഴം മാതൃകാ  ഗ്രാമം പദ്ധതി ; ജനകീയ പ്രഖ്യാപനം ജനുവരി 29ന്

പാര്‍ലമെന്‍റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജന കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തില്‍ വിപുലമായ കര്‍മ്മ പരിപാടികളോടെ തുടക്കം കുറിക്കുന്നു.  രാജ്യസഭാംഗമായ ബിനോയ് വിശ്വമാണ് പദ്ധതിയില്‍ തലയാഴം പഞ്ചായത്തിത്തിനെ ഉള്‍പ്പെടുത്തിയത്.

നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിലൂടെയും പ്രാദേശിക സാധ്യതകള്‍ പരിഗണിച്ചു രൂപം നല്‍കുന്ന പുതിയ കര്‍മ്മപരിപാടികളിലൂടെയും ഗ്രാമങ്ങളെ വികസന മാതൃകകളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു വര്‍ഷക്കാലം നാലു ഘട്ടങ്ങളിലായി നടപ്പാക്കാണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ബിനോയ് വിശ്വം എം.പി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്നു മാസം, ആറു മാസം, ഒന്‍പതു മാസം, പന്ത്രണ്ടു മാസം എന്നിങ്ങനെയാണ് പദ്ധതിനടപടികള്‍ ആസൂത്രണം ചെയ്യേണ്ടത്. ജനുവരി പത്തിന് രാവിലെ 11ന് തലയാഴം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പ്രത്യേക ശില്‍പ്പശാലയില്‍ ഓരോ വകുപ്പും പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും.

ജില്ലാതല സമിതി രൂപീകരിച്ചശേഷം ജനുവരി 29ന് തലയാഴത്ത് പദ്ധതിയുടെ ജനകീയ പ്രഖ്യാപനം നടത്തും. ആരോഗ്യം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം,  ശുചിത്വം, വ്യക്തിത്വ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ പദ്ധതിക്കു കഴിയമെന്ന് എംപി പറഞ്ഞു. 

പദ്ധതി നടപ്പാക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.  

തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, പദ്ധതിയുടെ നോ‍ഡല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സഫിയ ബീവി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

date