Skip to main content

നമ്മള്‍ നമുക്കായ്': ദുരന്ത നിവാരണത്തിന് സജ്ജമായി ചെങ്ങന്നൂര്‍

ആലപ്പുഴ: ഇനിയൊരു പ്രളയം വന്നാല്‍ എങ്ങനെ നേരിടാം, എങ്ങനെ അതിജീവിക്കും തുടങ്ങിയവയ്ക്ക്  'നമ്മള്‍ നമുക്കായ്' എന്ന ക്യാമ്പയ്നിലൂടെ മാര്‍ഗമൊരുക്കുകയാണ് റീബില്‍ഡ് കേരളയും, സംസ്ഥാന ദുരന്ത നിവരാണവകുപ്പും. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങള്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
തൃശൂര്‍ ആസ്ഥാനമായുള്ള കേരള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) വഴിയാണ് പരിശീലനം. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക് ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന ദുരന്തനിവാരണ രേഖ തദ്ദേശ സ്വയംഭരണ ഭരണ തലത്തില്‍ തയ്യാറാക്കുക ഇതുവഴി ദുരന്ത നിവാരണത്തിന് സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൊതുവിവരങ്ങള്‍, അപകട സാധ്യത നിറഞ്ഞതും ദുരന്ത ദുര്‍ബല സ്ഥലങ്ങളുടെയും രൂപരേഖ തയ്യാറാക്കല്‍, വിഭവ ശേഖരണം, ക്യാമ്പുകള്‍ക്ക് സജ്ജമമായ രീതിയില്‍ സ്‌കൂളുകളെ മാറ്റുക തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. രണ്ട് ദിവസങ്ങളില്‍ പതിമൂന്ന് സെഷനുകളിലായാണ് പരിശീലനം. പരിസ്ഥിതി സൗഹാര്‍ദവും അതിജീവന ക്ഷമതയുമുള്ള കേരളമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. അടുത്ത ഘട്ടത്തിലായി പഞ്ചായത്ത്, ജില്ലാ തലങ്ങളില്‍ പരിശീലനം നടത്തും. ദുരന്ത നിവാരണ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാകുന്നത്. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലയില്‍ പദ്ധതികാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുഴ, ജലസ്രോതസുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവയുടെ സംരക്ഷണവും ഇതില്‍ ഉള്‍പ്പെടുമെന്ന് കില ഫാക്കല്‍റ്റി ജയന്‍ ചമ്പക്കുളം പറഞ്ഞു. 2018-2019ലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആലപ്പുഴ ജില്ലയ്ക്കും, അതിരൂക്ഷമായി പ്രളയം അനുഭവപ്പെട്ട ചെങ്ങന്നൂര്‍ ബ്ലോക്കിനും പദ്ധതിയിലൂടെ പ്രകൃതി ദുരന്ത നിവാരണത്തിന് സജ്ജമാക്കാന്‍ സാധിക്കും.                    

മത്സ്യസമൃദ്ധി:
അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
(ചിത്രമുണ്ട്)

ആലപ്പുഴ: മത്സ്യമേഖലയിലെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തണ്ണീര്‍മുക്കത്ത് അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യ സമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക, മത്സ്യതൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ കട്ടച്ചിറ സംഘംകടവില്‍ നിക്ഷേപിച്ചത്. അഡാക്ക്, ഓടയം ഹാച്ചറിയില്‍ നിന്നുമാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെയെത്തിച്ചത്. 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് സുഹൈര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ രമാ മദനന്‍, സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, അംഗങ്ങളായ രമേഷ് ബാബു, ലിജി, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ജാസ്മിന്‍ കെ ജോസ്, സി.ഡി. ആനന്ദദാസ് എന്നിവര്‍ സംസാരിച്ചു.

 

date