പുതുവത്സരത്തില്‍ പുതുമോടിയോടെ സിവില്‍സ്‌റ്റേഷന്‍
പുതു മോടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിദ്യാനഗര്‍ സിവില്‍സ്റ്റേഷന്‍ ഒരുങ്ങുന്നു. സിവില്‍ സ്റ്റേഷനും പരിസരവും സമ്പൂര്‍ണ്ണ ശുചീകരണം നടത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് പരിസരം വൃത്തിയാക്കിക്കൊണ്ട് ശുചീകരണം പ്രവൃത്തി ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും . എല്ലാവകുപ്പുകളിലേയും മുഴുവന്‍ ജീവനക്കാരും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ശുചീകരണ പ്രവൃത്തിയുടെ ഭാഗമാകും. വിവിധ ജില്ലാ ഓഫീസുകളുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണം നടപ്പാക്കും. ഇതിന്റെ ഭാഗമായി സിവില്‍സ്‌റ്റേഷന്‍ പെയിന്റ് ചെയ്തു ഭംഗി കൂട്ടും.സിവില്‍ സ്റ്റേഷനിലെ എല്ലാ ശുചിമുറികളും ശുചീകരിക്കുന്നതിനും കുടുംബശ്രീയുടെ സഹായത്തോടെ നടപടി സ്വീകരിക്കും . വനിതകള്‍ക്കുള്ള ശുചിമുറികളില്‍ നാപ്കിന്‍ ഇന്‍സിലേറ്റര്‍ സ്ഥാപിക്കും. പ്ലാസ്റ്റിക ഉള്‍പ്പടെയുള്ള ഖര മാലിന്യങ്ങള്‍ ക്ലീന്‍കേരള കമ്പനി ഏറ്റെടുത്തു നീക്കം ചെയ്യും. ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ തുമ്പൂര്‍മുഴി മാതൃക മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തും. സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
- Log in to post comments