ആറാട്ടുപുഴയിലെ കടലാക്രമണ പ്രദേശത്തെ കോണ്‍ക്രീറ്റ്പാകല്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും-ജില്ലാ വികസന സമിതിയോഗം
ആലപ്പുഴ: ആറാട്ടുപുഴയിലെ കടലാക്രമണബാധിത പ്രദേശം 150 മീറ്ററിൽ കല്ലു പാകി കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. പ്രസ്തുത പ്രവർത്തിക്കു 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പദ്ധതി പുരോഗമിച്ചുവരുകയുമാണ്. ജില്ലാ കളക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിലാണ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ യോഗം ചേര്‍ന്നത്. അന്തരിച്ച കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുടെ സ്മരണയില്‍ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ തുടങ്ങിയത്.
അരൂർ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മറവൻതുരുത്ത് ഭാഗത്തെ നാലു കിലോമീറ്ററോളം പൈപ്പ് ലൈൻ മാറ്റുന്ന നടപടികൾ ജനുവരി 10 തുടങ്ങുമെന്നും ഇത് പൂർത്തിയായാൽ പൂർണതോതിൽ കുടിവെള്ളം എത്തിക്കാൻ സാധിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ വികസനസമിതിയെ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. വകുപ്പുകളുടെ പ്ലാൻ ഫണ്ട് പൂർണമായും കൃത്യതയോടെ വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
ചേർത്തല മനോരമ കവലയുടെ വികസനപ്രവർത്തനങ്ങളുടെ പുരോഗതി യോഗം ചർച്ച ചെയ്തു. ആകെ 30 ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടതില്‍ 27 പേരുടെ ഡീറ്റൈൽഡ് വാല്യൂവേഷന്‍ സ്റ്റേറ്റ്മെൻറ് ലഭ്യമാക്കിയിട്ടുണ്ട്. 14 പേരുടെ വസ്തു സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു. മൂന്നുപേരുടെ ആധാരം രജിസ്റ്റർ ചെയ്യുന്ന നടപടികളിൽ ആണ്. എട്ടുപേരുടെ വസ്തു ഏറ്റെടുക്കുന്നതിനായി ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോർട്ട് നൽകി. ദേശീയപാതയിൽ കൃപാസനം ധ്യാന കേന്ദ്രത്തിന് സമീപമുള്ള ഗതാഗത തടസ്സം പരിഹരിക്കുന്നതിന് റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ചും ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചും സാധ്യത പരിഗണിക്കാന്‍ യോഗം ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു.
ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപന സംബന്ധിച്ച് കഴിഞ്ഞ യോഗത്തിലെ ആക്ഷേപങ്ങൾ പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തി. ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എ.സി. കനാലിന്‍റെ പടിഞ്ഞാറെ അറ്റത്തെ പാലത്തിന്‍റെ കാലുകളിൽ മാലിന്യം അടിഞ്ഞ് ജലനിർഗമനം തടസ്സപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ആക്ഷേപം ഉയര്‍ന്നു. മാലിന്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 2019 പ്രളയ ദുരിതാശ്വാസം, റീബില്‍ഡ് കേരള വഴി 32384 പേര്‍ക്ക് 10000 രൂപ വച്ച് നല്‍കിയതായി ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ വികസന സമിതിയോഗത്തില്‍ പറഞ്ഞു.
പ്രളയകാലത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിൽ ശുചി മുറികളുടെ അറ്റകുറ്റപ്പണി നീളുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 38 സ്കൂളുകളിലെ ടോയിലറ്റിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് സാധ്യത ആരായാൻ ബന്ധപ്പെട്ടവരോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
പുരവഞ്ചികളിൽ നിന്നുള്ള മാലിന്യം കായലിൽ തള്ളുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. നിലവിൽ രണ്ട് ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ പറഞ്ഞു.
ജില്ല പ്ലാനിങ് ഓഫീസര്‍ കെ.എസ്.ലതി, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍.ചന്ദ്രപ്രകാശ്, ധനകാര്യ മന്ത്രിയുടെ പ്രതിനിധി കെ.ഡി.മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments