Skip to main content

കുടിവെള്ള പൈപ്പുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും

വേനല്‍ക്കാലത്തെ ജലക്ഷാമം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ കുടിവെള്ള വിതരണ പൈപ്പുകളുടെ കേടുപാടുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി വിശദ പരിശോധന നടത്തും. ഇതിനുവേണ്ടി മാത്രം പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി.

ജനുവരി മുതലുള്ള നാലു മാസം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി ഊര്‍ജ്ജിതമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വിഷയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ചു. പൈപ്പുകളുടെ കേടുപാടുകള്‍ പൂര്‍ണമായും പരിഹരിക്കണം. പൈപ്പിലൂടെ പരമാവധി വെള്ളം ലഭ്യമാക്കുന്നതിനൊപ്പം ടാങ്കര്‍ ലോറികളില്‍ വിതരണം നടത്തുന്നതിന് കൃത്യമായ ആസൂത്രണം നടത്തണം. കുടിവെള്ള പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതു സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന തിരുവഞ്ചൂര്‍ പൂവത്തുംമൂട് മുതല്‍ മോസ്കോ കവല വരെയുള്ള പൈപ്പ്ലൈന്‍ റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.  ബേക്കര്‍ ജംഗ്ഷന്‍-ഇല്ലിക്കല്‍, വട്ടമൂട് -ഇറഞ്ഞാല്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം ജനുവരി 15ന് ആരംഭിക്കും.

കറിക്കാട്ടൂര്‍ മാതൃകാ പട്ടികജാതി കോളനി നിവാസികളുടെ പൊതു ആവശ്യങ്ങള്‍ക്കായി അനുവദിച്ച സ്ഥലത്ത് റോഡിനോടു ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് കഴിഞ്ഞ മാസത്തെ ജില്ലാ വികസന സമിതിയില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
 
സാമ്പത്തിക വര്‍ഷം അവസാന പാദത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണം പരമാവധി കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date