Skip to main content

നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രി കാല ട്രെയിന്‍ സര്‍വ്വീസ് കാലതാമസമില്ലാതെ തുടങ്ങണമെന്ന് പ്രമേയം 398 റോഡ് പ്രവൃത്തികള്‍ക്ക് 65.31 കോടി രൂപ അനുവദിച്ചെന്ന് ഉദ്യോഗസ്ഥര്‍

നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രി കാല ട്രെയിന്‍ സര്‍വ്വീസ് കാലതാമസമില്ലാതെ തുടങ്ങാന്‍ റെയില്‍വെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാത്രി കാല ട്രെയിന്‍ സര്‍വ്വീസിനായി ഇടപെട്ട എം.പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് ജില്ലയിലെ 16 മണ്ഡലങ്ങളിലായി 65.31 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
500 കുട്ടികള്‍ വീതമുള്ള ജില്ലയിലെ 65 സ്‌കൂളുകളില്‍ ഒരു കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട  65 സ്‌കൂളുകളിലെയും പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി. പെരുവള്ളൂര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിഴക്കന്‍ തോട് ആഴം കൂട്ടി സംരക്ഷിക്കുന്നതിനും ചേലേമ്പ്ര പുല്ലിപ്പുഴയിലൂടെ ജല സ്രോതസുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപ്പു വെള്ളം കയറുന്നത് തടയാനായി ചെക്ക് ഡാം പണിയുന്നതിനും നടപടികള്‍ വേഗത്തിലാക്കണമെന്ന് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം. .എല്‍.എ ആവശ്യപ്പെട്ടു. കോഹിനൂരില്‍ റസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് അതിര്‍ത്തി നിര്‍ണയിക്കുന്നതിനും തേഞ്ഞിപ്പലം ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായുമുള്ള നടപടികളെ സംബന്ധിച്ചും എം.എല്‍.എ ചോദിച്ചറിഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം നടപടികള്‍ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 
തലപ്പാറ മുതല്‍ കാക്കഞ്ചേരി സ്പിന്നിങ് വരെയുള്ള ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും  എം.എല്‍.എ ആവശ്യപ്പെട്ടു.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൃത്യമായ സേവനം ഉറപ്പുവരുത്തണമെന്ന് പി ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.  അലംഭാവം കാട്ടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന മറുപടി നല്‍കി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന എം.എല്‍.എ യുടെ ആവശ്യം ജില്ലാ വികസന സമിതി അംഗീകരിച്ചു. 
മലപ്പുറം നഗരത്തിലും നാലു വരിപ്പാത നിര്‍മ്മിക്കുന്നതിനായി വ്യാപാരി-വ്യവസായി പ്രതിനിധികളുടെ യോഗം വിളിക്കാന്‍ പി.ഉബൈദുള്ള എം.എല്‍.എ ദേശീയ പാത വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വാഴയൂര്‍ തിരുത്തിയാട് പ്രദേശത്തെ ആറ് ഏക്കര്‍ പൊതുഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ടിവി ഇബ്രാഹിം എം.എല്‍.എ യുടെ ആവശ്യപ്രകാരം വിശദീകരിച്ചു. മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിലെ കെട്ടിട നിര്‍മ്മാണത്തിനായുള്ള എസ്റ്റിമേറ്റ് എത്രയും വേഗം തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് എം.ഉമ്മര്‍ എം.എല്‍.എ യും ആവശ്യപ്പെട്ടു. ചേളാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച നിലവിലെ സാഹചര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 
പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച നടപടികളുടെ വിശദാംശങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതി മുമ്പാകെ കൃത്യമായി നല്‍കണമെന്ന് എ.ഡി.എം എന്‍.എം മെഹറലി നിര്‍ദേശിച്ചു. യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അനാസ്ഥ കാട്ടിയാല്‍ വകുപ്പ് തല നടപടിയ്ക്ക് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും എ.ഡി.എം വ്യക്തമാക്കി. യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷനായി. എം.എല്‍.എ മാരായ പി.ഉബൈദുള്ള, എം.ഉമ്മര്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.എ അഹമ്മദ് കബീര്‍, ടി.വി ഇബ്രാഹിം, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു.സി മാത്യു, ഡെപ്യൂട്ടി കലക്ടര്‍ പി.എം പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date