Skip to main content

ഇന്ത്യയുടെ പൊതു സാംസ്‌കാരികബന്ധത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കണം - ഉപരാഷ്ട്രപതി

പൊതു സാംസ്‌കാരികബന്ധം കൊണ്ട് ഒന്നിപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ സായിഗ്രാമത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരത്തിൽ, പ്രത്യേകിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. ടൂറിസത്തിന് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജമേകാനും കഴിയും. നമ്മൾ പ്രകൃതിയെയും സംസ്‌കാരത്തെയും സംരക്ഷിച്ചും സ്‌നേഹിച്ചും മാത്രമേ മികച്ച ഭാവി സൃഷ്ടിക്കാനാകൂ. ഗ്രാമങ്ങളുടെ വികസനമെന്നത് മഹാത്മജിയുടെ പ്രിയപ്പെട്ട വിഷയമായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾ സ്വയംനിറവേറ്റാനാകുന്ന സ്വാശ്രയ യൂണിറ്റുകളായി നമ്മുടെ ഗ്രാമങ്ങൾ വികസിപ്പിക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നമ്മളെ കണ്ടെത്താനുള്ള മികച്ച മാർഗം മറ്റുള്ളവർക്ക് വേണ്ടിയുള്ള സേവനങ്ങളിലേർപ്പെടുകയാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കാലാതിവർത്തിയായി നിരവധി മഹാൻമാർ മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വയം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. 'വസുധൈവ കുടുംബകം' എന്ന തത്വത്തിൽ വിശ്വസിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. പങ്കുവയ്ക്കലും കരുതലുമാണ് ഇന്ത്യൻ തത്വചിന്തയുടെ കാതൽ.
വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ സായിഗ്രാമം സ്വാശ്രയത്വത്തിന് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഇന്ത്യയിലെ ഗ്രാമവികസനത്തിലും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് സായിഗ്രാമത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിന് കാരുണ്യത്തിന്റെ ശക്തിയാണ് സായിഗ്രാമം കാണിച്ചുകൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷമായി ആതുരസേവനരംഗത്ത് മാതൃകയാണ് സായിഗ്രാമമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അടൂർ പ്രകാശ് എം.പി, മുൻമുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻ ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതവും എ. ലക്ഷ്മിക്കുട്ടി നന്ദിയും പറഞ്ഞു.
പി.എൻ.എക്‌സ്.4709/19

date