Skip to main content

നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകും: മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: നൂതനമായ ആശയങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത് ടൂറിസം മേഖലയക്ക് ഉണര്‍വ്വേകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കെ.റ്റി.ഡി.സി.യുടെ ബഡ്ജറ്റ് ഹോട്ടലായ റിപ്പിള്‍ ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം വളര്‍ച്ചയുള്ള സാമ്പത്തിക രംഗം വിനോദ സഞ്ചാര മേഖലയാണ്. സര്‍വ്വീസ്- ഹോസ്പിറ്റാലിറ്റി മേഖലകളും ഇന്ന് അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. കെ.റ്റി.ഡി.സി.യുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ടൂറിസം സൗകര്യങ്ങള്‍ പുനരാവിഷ്‌ക്കരിച്ചതിന്റെ ഉത്തമ ഉദാഹരമാണ് ഈ ഹോട്ടല്‍. 21 ശീതീകരിച്ച മുറികളുള്ള ഹോട്ടലില്‍ അഞ്ച് തരം ബിരിയാണി ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. സി.ബി.എല്ലിന്റെ വളര്‍ച്ചയ്ക്കും ഇവ സഹായകമാകും. എ.എം. ആരിഫ് എംപി അധ്യക്ഷത വഹിച്ചു. മുസിരിസ് പാരഡൈസിന്റെ ലോഗോ എംപിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഡിലക്‌സ്, പ്രീമിയം, സ്യൂട്ട് എന്നീ മൂന്ന് തരത്തിലുള്ള മുറികളാണ് ഇവിടെയുള്ളത്. 1300രൂപ മുതല്‍ 2000രൂപ വരെയാണ് വാടക. കെ.റ്റി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, കെ.റ്റി.ഡി.സി. എംഡി വി.ആര്‍. കൃഷ്ണതേജ, നഗരസഭാംഗം രാജു താന്നിക്കല്‍, ബാബു ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. www.ktdc.com എന്ന വെബ്‌സൈറ്റ് വഴിയും 0477 2244460 എന്നി ഫോണിലൂടെയും മുറികള്‍ ബുക്ക് ചെയ്യാം. 

 

 

 

date