Skip to main content

പ്ലാസ്റ്റിക് നിരോധനം: ആവശ്യമായ തുണിസഞ്ചികള്‍ ഉറപ്പാക്കണം- ജില്ലാ വികസന സമിതി യോഗം

 

ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ കടകളില്‍ ആവശ്യത്തിന് തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ജില്ലാ ശുചിത്വമിഷന് നിര്‍ദേശം നല്‍കി. രാജു ഏബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വീടുകളില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന തുണികള്‍ ശേഖരിച്ച് സഞ്ചികള്‍ തയാറാക്കി വിതരണം ചെയ്യണമെന്ന് മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും തയാറാക്കി ആവശ്യാനുസരണം വ്യാപാരികള്‍ക്ക് നല്‍കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. കടകളില്‍ പോകുമ്പോള്‍ സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നതിന് എല്ലാവരും തുണിസഞ്ചി കരുതണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിവാഹവേദികളിലും മറ്റും ഉള്ളില്‍ പ്ലാസ്റ്റിക്കുള്ള പേപ്പര്‍ കപ്പുകളും പ്ലാസ്റ്റിക് ഇലകളും ഉപയോഗിക്കുന്നുണ്ടെന്നും ഇവ ഒഴിവാക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കാറ്ററിംഗ് സ്ഥാപന ഉടമകളുടെയും വ്യാപാരികളുടെയും യോഗം ശുചിത്വമിഷന്‍ വിളിക്കണം.  തദ്ദേശസ്ഥാപനങ്ങളുടെ തുമ്പൂര്‍മൂഴി പദ്ധതികളില്‍ ഫീസ് ഈടാക്കി മാലിന്യം സംസ്‌കരിക്കുന്നതിന് അവസരം ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു.
കടപ്ര, നിരണം പഞ്ചായത്തുകളിലെ കാന്‍സര്‍ രോഗത്തിന്റെ കാരണം കണ്ടെത്തുന്നതിന് അടിയന്തിര നടപടി വേണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ രോഗം കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ സ്‌ക്രീനിംഗ് വേഗം നടത്തണം. ആരോഗ്യ ക്യാമ്പുകള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. വന്യജീവിശല്യം തടയുന്നതിനുള്ള പഞ്ചായത്ത്തല ജാഗ്രതാസമിതികള്‍ ജനുവരി 15ന് അകം രൂപീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിന്റെ വാടക കുടിശിക എത്രയും വേഗം അനുവദിക്കണമെന്ന് തദ്ദേശഭരണവകുപ്പിനോട് അഭ്യര്‍ഥിക്കണമെന്ന് എംഎല്‍എമാരായ രാജു ഏബ്രഹാമും മാത്യു ടി തോമസും നിര്‍ദേശിച്ചു. നിലവില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്ഥലപരിമിതിയിലാണെന്നും മതിയായ സ്ഥലസൗകര്യം ഉള്ള കെട്ടിടം അനുവദിച്ചു നല്‍കണമെന്നും രാജു ഏബ്രഹാം എംഎല്‍എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബും നിര്‍ദേശിച്ചു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കാന്‍സര്‍രോഗം പടരുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു.
തിരുവല്ല റെയില്‍വേ സ്‌റ്റേഷനു മുന്നിലൂടെയുള്ള റോഡ് ആന്റോ ആന്റണി എംപി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് റെയില്‍വേയോട് ആവശ്യപ്പെടണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. ആവശ്യമെങ്കില്‍ അധികമായി വരുന്ന പണം എംഎല്‍എ ഫണ്ടില്‍നിന്നും അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ബൈപ്പാസിന്റെ നിര്‍മാണത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കുന്നതിന് ജിയോളജി വകുപ്പ് പരിഗണന നല്‍കണം. മുത്തൂര്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് എത്രയും വേഗം സ്ഥാപിക്കണം. കുന്നന്താനം പാലക്കത്തകിടി ഗവ. സ്‌കൂളിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കണം. പന്നായി-തേവേരി റോഡ്, അഴിയിടത്തുചിറ-മേപ്രാല്‍, കാഞ്ഞിരത്തുംമുറി-ചാത്തങ്കേരി റോഡുകള്‍ നവീകരിക്കുന്നതിന് പദ്ധതി തയാറാക്കണം. തിരുവല്ല ട്രഷറിയുടെ അറ്റകുറ്റപ്പണി അടിയന്തിരമായി ചെയ്യണം. പെരിങ്ങര പഞ്ചായത്ത് ഓഫീസിനു മുന്നിലെയും ജംഗ്ഷനിലെയും വെള്ളക്കെട്ട്,  നികത്തിയ സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി പരിഹരിക്കണം. പുറമറ്റം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്ഥലത്ത് കല്ലിടുന്നതിന് നടപടിയെടുക്കണം. പദ്ധതിക്ക് അനുവദിച്ച 60 കോടി രൂപ പാഴായി പോകരുത്. തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് സ്‌കെച്ച് റിക്ക് ഉടന്‍ ലഭ്യമാക്കണം.  താലൂക്ക് വികസന സമിതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായും പങ്കെടുക്കണമെന്നും മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു.
വടശേരിക്കര പഞ്ചായത്തിലെ നരിക്കുഴി, കലശക്കുഴി, അയിരൂര്‍ പഞ്ചായത്തിലെ ഞുങ്ങുതറ എന്നീ അംഗന്‍വാടികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ നടപടികളില്ലാതെ വൈകിയതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. റാന്നി മണ്ഡലത്തിലെ കരികുളം കോളനി, അത്തിക്കയം വില്ലേജിലെ 46 ഏക്കര്‍ സ്ഥലം, പെരുനാട് വില്ലേജിലെ കോട്ടുപാറ എന്നിവിടങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നു വരുകയാണെന്നും 194 പട്ടയങ്ങള്‍ തയാറായിട്ടുണ്ടെന്നും റാന്നി തഹസീല്‍ദാര്‍ രാജു ഏബ്രഹാം എംഎല്‍എയെ അറിയിച്ചു. മുക്കുഴി നിവാസികള്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മഞ്ഞത്തോട് ഭാഗത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികളുടെ പുരോഗതിയും എംഎല്‍എ വിലയിരുത്തി. റാന്നി മേജര്‍ കുടിവെള്ള പദ്ധതിയിലെ വെള്ളം കയറി നശിച്ച ട്രാന്‍സ്‌ഫോര്‍മറിനു പകരം പുതിയതു നല്‍കണം. പേഴുംപാറ സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസ് അതേ മാനേജ്‌മെന്റിന്റെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി നല്‍കണം. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പഴവങ്ങാടി പഞ്ചായത്തിന് ഫണ്ട് ലഭ്യമാക്കണം. ചാന്ദോലിയില്‍ പട്ടികജാതി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നിര്‍മിക്കണം. കൊല്ലമുള യുപി സ്‌കൂളിന്റെ കുത്തകപ്പാട്ടം പുതുക്കണം. ശ്രീനാരായണ കണ്‍വന്‍ഷന്‍ നടക്കുന്ന മാടമണ്‍ കടവ് തകര്‍ന്നു കിടക്കുന്നത് പുനര്‍നിര്‍മിക്കണം. എംഎല്‍എമാരുടെ ആസ്ഥി വികസന നിധിയിലെ പദ്ധതികള്‍ക്ക് ഭരണാനുമതി പൂര്‍ണമായി ലഭ്യമാക്കണം. റാന്നി താലൂക്ക് ആശുപത്രി വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കണം. ചാലാപ്പള്ളി സബ് സ്റ്റേഷനുള്ള നടപടി വേഗമാക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അട്ടക്കുഴി പാലയ്ക്കല്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആവശ്യപ്പെട്ടു. ടികെ റോഡില്‍ പുല്ലാട് റോഡ് അപകടങ്ങള്‍ നിരന്തരം ഉണ്ടാകുന്നതിനു പരിഹാരം കാണുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.  
ജില്ലയിലെ പട്ടികവര്‍ഗ ഊരുകളില്‍ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതും സാംക്രമിക രോഗങ്ങള്‍ തടയുന്നതും സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. പമ്പാ ത്രിവേണിയില്‍ മണല്‍ ചാക്കുകള്‍ക്കു പകരം സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണം. പദ്ധതിക്കായി 3.86 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ജനുവരി 22ന് ശേഷം നിര്‍മാണം പുനരാരംഭിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. റോഡ് നിര്‍മാണത്തെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങിയിട്ടുള്ള വെച്ചൂച്ചിറയില്‍ ജലം ലഭ്യമാക്കുന്നതിന് നടപടി വേണം. മകരവിളക്ക് ഉത്സവ കാലത്ത് നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് കെഎസ്ആര്‍ടിസി കാര്യക്ഷമമായി നടത്തണം. ഹൈക്കോടതി ഉത്തരവു പ്രകാരം ചെറിയ വാഹനങ്ങള്‍ പമ്പ വരെ കടത്തി വിടണം. ഗതാഗത സൗകര്യം, തിരക്ക് നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് പോലീസിന്റെയും കെഎസ്ആര്‍ടിസിയുടെയും ഏകോപനം വേണം. എംപിയുടെ വികസന നിധിയുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
വന്യജീവിശല്യം തടയുന്നതിനുള്ള ജാഗ്രതാ സമിതികളുടെ രൂപീകരണം എത്രയും വേഗം നടത്തണമെന്നും റാന്നി മേഖലയില്‍ വന്യജീവി ശല്യം രൂക്ഷമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങളുടെ  ഡിപ്പോസിറ്റ് വര്‍ക്കുകളുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എത്രയും വേഗം തയാറാക്കി നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളുടെ നികുതി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതിന് നടപടി വേണം. രാവിലെ ഒന്‍പതു മുതല്‍ 10 വരെ പത്തനംതിട്ട സ്റ്റാന്‍ഡിലേക്ക് എത്തുന്ന ബസുകള്‍ കളക്ടറേറ്റ് വഴി കടന്നു പോകുന്നതിന് നടപടി വേണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date