അലങ്കാരപ്പണികള്‍ ഇനി മുള കൊണ്ടാവാം: ശ്രദ്ധേയമായി സരസ് മേളയിലെ മുള വിസ്മയം
പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് വീടിന് മോടികൂട്ടുന്നത് ഇനി നിര്‍ത്താം. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങളാണ് സരസ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മുളകള്‍ ഉപയോഗിച്ച് തീര്‍ക്കുന്ന ഫ്‌ളവര്‍ വേസുകള്‍, വിവിധ അലങ്കാര വസ്തുക്കള്‍ തുടങ്ങി ചീപ്പും മുടി പിന്നും വരെയുണ്ട് സരസ് മേളയിലെ ഈ മുളങ്കൂടാരത്തില്‍. വയനാട്ടിലെ പഞ്ചവര്‍ണം കുടുംബശ്രീയുടെ സ്റ്റാളിലാണ് മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ ശേഖരം ഉള്ളത്. ചെത്തി മിനുക്കിയ മുളകളില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്താണ് ഓരോ ഉല്‍പ്പന്നവും വില്പനയ്ക്ക് ഒരുക്കിയിട്ടുള്ളത്. പെന്‍ഹോള്‍ഡര്‍, മാഗസിന്‍ ഹോള്‍ഡര്‍, ബുക്ക് മാര്‍ക്ക് തുടങ്ങിയവയും വ്യത്യസ്ത മാതൃകയിലുള്ള കമ്മല്‍, മാല, വളകള്‍ എന്നിവയും ഇവരുടെ പക്കലുണ്ട്. 50 രൂപ മുതല്‍ 3000 രൂപ വരെയാണ് ഉല്‍പന്നങ്ങളുടെ വില. സ്റ്റാളില്‍ മുളകൊണ്ടുള്ള ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.
വയനാട്ടിലെ ഭവം എന്ന കൂട്ടായ്മയാണ് ഈയൊരു സംരംഭത്തിന് പിന്നില്‍. പഞ്ചവര്‍ണം കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി അവരെയും തങ്ങളുടെ ഭാഗമാക്കിയത് ഈ കൂട്ടായ്മയാണ്. ഇവരുടെ ആവശ്യാനുസരണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ക്രാഫ്റ്റ് വര്‍ക്കറും ചിത്രകാരന്മാരും അടക്കം ഇരുപതോളം പേരാണ് 'ഭവ'ത്തിനുള്ളത്. ബാംഗ്ലൂരാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രം. ഓണ്‍ലൈനായും സാധനങ്ങള്‍ ലഭ്യമാണ്. വിദേശത്തുനിന്നെത്തുന്ന സഞ്ചരികളാണ് ഈ ഉല്‍പന്നങ്ങളുടെ പ്രധാന ആവശ്യക്കാര്‍. വിവിധ തരത്തിലുള്ള മുളകള്‍ ഉണ്ടെങ്കിലും ആനമുളയാണ് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. വയനാട് ആയതിനാല്‍ തന്നെ മുളയ്ക്ക് ക്ഷാമമില്ലെങ്കും മുള നട്ട് വളര്‍ത്താറുണ്ടെന്ന് സ്റ്റാള്‍ നടത്തിപ്പുകാരന്‍ ജിഷ്ണു പറയുന്നു.
- Log in to post comments