Skip to main content

കുടുംബശ്രീകളിലെ വായനയുടെ ഇടപെടലുകള്‍ ചര്‍ച്ച ചെയ്ത് സെമിനാര്‍

കുടുംബശ്രീയും ഗ്രന്ഥശാലകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി സരസ് മേളയിലെ സെമിനാര്‍. പുതിയ കാലത്ത്  കുടുംബശ്രീകളും വായനശാലകളും വൈവിധ്യവത്കരണത്തിലേക്ക് നീങ്ങണമെന്ന പൊതു ആശയമാണ് സെമിനാറില്‍ ഉയര്‍ന്നുവന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വികെ സുരേഷ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വായനയ്ക്കുള്ള സ്ഥിരമായ ഇടങ്ങളായി കുടുംബശ്രീ സദസുകള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാളുകള്‍ ഒരുക്കി അവരുടെ എഴുത്തുകള്‍ വായിക്കപ്പെടാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഗ്രാമീണ സര്‍വകലാശാലകളാണ് ഗ്രന്ഥാലയങ്ങളെന്നും പുറമെയുള്ള വായനകള്‍ക്കപ്പുറം ആന്തരികമായ ശാക്തീകരണം രൂപപ്പെടണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളെ നോളജ് സെന്ററുകളാക്കി മാറ്റണമെന്ന്, കുടുംബശ്രീകളും മൈക്രോ സംരംഭങ്ങളും എന്ന വിഷയത്തില്‍  സംസാരിക്കവേ ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ പറഞ്ഞു. പുതിയ കാലഘട്ടത്തില്‍  പുതിയ വായനയാണ് വേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു പറഞ്ഞു.  
വയനാട് കുടുംബ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ സാജിത വയനാട് ജില്ലയില്‍ കുടുംബശ്രീയും ഗ്രന്ഥശാലകളും ചേര്‍ന്നു നടത്തിയ വായനാ പ്രവര്‍ത്തനങ്ങളുടെ വിജയാനുഭവം പങ്കുവെച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം യു ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ വി ഷഗില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലന്‍, കല്യാശേരി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എന്‍ പി ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

date